മലപ്പുറം: സുവർണജൂബിലിയുടെ നിറവിലാണ് ജില്ലയിലെ ആദ്യ സർക്കാർ കലാലയം. അൻപതാണ്ടിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴും മലപ്പുറം ഗവൺമെന്റ് കോളേജിന് പറയാൻ കൊച്ചു കൊച്ചു പരിഭവങ്ങളുണ്ട്. അക്കാദമിക നിലവാരത്തിൽ മുന്നിൽനിൽക്കുന്ന കോളേജിന്റെ ഭൗതികസാഹചര്യങ്ങൾക്ക് അൻപതിന്റെ പൂർണതയില്ല. 1972-ൽ കോളേജ് തുടങ്ങിയ സമയത്തുള്ളതിൽനിന്ന് അഞ്ചു ബിരുദ കോഴ്‌സുകൾ മാത്രമാണ് അധികംവന്നത്. ഇവയിൽത്തന്നെ പുതുതലമുറ കോഴ്‌സുകളൊന്നുമില്ല.

മലപ്പുറത്തെ ആദ്യ സർക്കാർ കോളേജ് പ്രീഡിഗ്രി, ബി.എ. അറബിക്, ഇക്കണോമിക്‌സ്, ബി.കോം. എന്നീ കോഴ്‌സുകളുമായാണ് 1972-ൽ കോട്ടപ്പടിയിൽ പ്രവർത്തനം തുടങ്ങുന്നത്. 1981-ൽ മുണ്ടുപറമ്പിലെ സ്വന്തം കെട്ടിടത്തിലേക്കു മാറി. ടി.വി. ഇബ്രാഹിം എം.എൽ.എ, വിഷ്ണുനാരായണൻ നമ്പൂതിരി, സി.പി.എം. സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ, മുൻ എസ്.പി. അബ്ദുൾകരീം, ബി. രാജീവൻ തുടങ്ങി ഇവിടെ പഠിച്ചവരും പഠിപ്പിച്ചവരുമായ പ്രമുഖരുടെ നിര നീളുന്നു.

ഇടയ്ക്കിടെ ചെറിയ ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നല്ലാതെ അഞ്ചു പതിറ്റാണ്ടുകൊണ്ടുണ്ടാകേണ്ട വികസനങ്ങൾ ഇവിടെയുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചുപറയാം. വാർഷികപരിപാടികളുടെ ഭാഗമായെങ്കിലും പുതിയ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ സർക്കാർ കോളേജ്.

തിളങ്ങുന്ന നേട്ടങ്ങൾ

പരിമിതമായ ഭൗതികസാഹചര്യത്തിലും അക്കാദമിക നിലവാരത്തിൽ ഏറെ മുന്നിലാണ് മലപ്പുറം കോളേജ്. മിക്ക വർഷങ്ങളിലും സർവകലാശാലാ റാങ്കുകൾ ഇവിടത്തെ വിദ്യർഥികൾ സ്വന്തമാക്കാറുമുണ്ട്. കോളേജിലെ അധ്യാപകരിൽ 25 ശതമാനവും പൂർവവിദ്യാർഥികളാണെന്ന പ്രത്യേകതയുമുണ്ട്. ഇത് മികച്ച പഠനനിലവാരത്തിന്റെ തെളിവാണെന്നുതന്നെ പറയാം.

സയൻസ് കോഴ്‌സുകൾ പേരിനുമാത്രം

ഇക്കാലംവരെ രണ്ട് സയൻസ് കോഴ്‌സുകൾ മാത്രമാണ് കോളേജിലുള്ളത്. ബി.എസ്‌സി. ഫിസിക്‌സും കെമിസ്ട്രിയും. ജില്ലയിൽ നിരവധി കുട്ടികളാണ് ഉയർന്ന മാർക്കോടെ പ്ലസ്ടു ജയിക്കുന്നത്. പലരും സയൻസിൽ ഉപരിപഠനം ആഗ്രഹിച്ചു വരുന്നവരാണ്. എന്നാൽ ഇതിനുള്ള സൗകര്യമൊരുക്കാൻ നഗരത്തിലെ പ്രധാന കോളേജിനു കഴിയുന്നില്ല.

(നാളെ: ഒരുപാടുണ്ട് കായികസ്വപ്‌നങ്ങൾ...)