ചങ്ങരംകുളം : മൂക്കുതല വാരിയർമൂലയിലെ ജനവാസകേന്ദ്രങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായി. വാരിയർമൂലയിൽനിന്ന് മൂക്കുതല ക്ഷേത്രങ്ങളിലേക്കു പോകുന്ന റോഡരികിലാണ് പ്ലാസ്റ്റിക്‌മാലിന്യവും കോഴിമാലിന്യങ്ങളും ചാക്കിൽക്കെട്ടി തള്ളുന്നത്. ഇതു പക്ഷികൾ കൊത്തിയും തെരുവുനായ്‌ക്കൾ കടിച്ചുവലിച്ചും വീടുകളിലേക്കു കൊണ്ടിടുന്നു.
മൂക്കുതല ഹൈസ്‌കൂളിന്റെയും നന്നംമുക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും പരിസരത്തായതിനാൽ രോഗികളും വിദ്യാർഥികളും തെരുവുനായ്‌ക്കളുടെ ഭീഷണിയിലുമായി. നന്നംമുക്ക് പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പരാതിപറയുന്നു.
പഞ്ചായത്തിന്റെ നിർത്തിവെച്ച ശുചിത്വമഹത്ത്വം സുജീവിതം പദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.