തിരൂർ: സംസ്ഥാനത്തെ അതിദരിദ്രർ, അവരിൽ ശാരീരിക മാനസിക അവശതയനുഭവിക്കുന്നവർ, ദരിദ്ര വയോജനങ്ങൾ എന്നിവർക്ക് സേവനങ്ങളും അവകാശങ്ങളും വാതിൽപ്പടിക്കലെത്തിക്കുന്ന പദ്ധതി മലപ്പുറത്തും. ജില്ലയിൽ ആദ്യഘട്ടമായി തിരൂർ, പെരിന്തൽമണ്ണ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

സാമൂഹികസുരക്ഷാ പെൻഷൻ അപേക്ഷനൽകൽ, ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷസമർപ്പണം, ജീവൻരക്ഷാമരുന്നുകൾ വീടുകളിലെത്തിക്കൽ എന്നീ സേവനങ്ങളാണ് ഒന്നാംഘട്ടത്തിൽ നൽകുന്നത്. സന്നദ്ധ സേനാംഗങ്ങളുടെ ഭവനസന്ദർശനവുമുണ്ട്.

രണ്ടാംഘട്ടത്തിൽ ആരോഗ്യ സാന്ത്വന സേവനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനാണ് ആലോചന. തിരൂരിൽ അക്ഷയ കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി.

തിരൂരിൽ നടന്ന വാതിൽപ്പടി സേവനപദ്ധതി ഉദ്ഘാടനച്ചടങ്ങിൽ നഗരസഭാധ്യക്ഷ എ.പി. നസീമ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി, നഗരസഭാ സെക്രട്ടറി ടി.വി. ശിവദാസൻ, ഹെൽത്ത് സൂപ്പർവൈസർ ജീവരാജ്, യാസിർ പയ്യോളി, റഹീം മേച്ചേരി, പി.പി. ലക്ഷ്മണൻ, കൗൺസിലർമാരായ ഫാത്തിമത്ത് സജ്‌ന, കെ.കെ. അബ്ദുൾസലാം, സി. സുബൈദ, അഡ്വ. എസ്. ഗിരീഷ്, പി. റംല, കില പരിശീലകരായ വി.സി. ശങ്കരനാരായണൻ, മനോജ് ജോസ്, പി.കെ.കെ. തങ്ങൾ, എ. സെയ്താലിക്കുട്ടി, ഡോ. എ.സി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.