അരീക്കോട് : നാലായിരം കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് കശ്മീരിൽ പോയി തിരിച്ചെത്തിയ തെരട്ടമ്മൽ എ.എം.യു.പി.സ്കൂൾ പൂർവവിദ്യാർഥി സഹല പരപ്പന് സ്കൂളിൽ സ്വീകരണം നൽകി.

ഊർങ്ങാട്ടിരിയിലെ തച്ചണ്ണ ഗ്രാമത്തിൽനിന്ന് പുറപ്പെട്ട് 83 ദിവസം കൊണ്ടാണ് കശ്മീരിലെത്തി സഹല മടങ്ങിയത്. ഊർങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് അംഗം ജമീല നജീബ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ഉപഹാരവും ആറാം ക്ലാസ് വിദ്യാർത്ഥി ഫാസ് വരച്ച സഹലയുടെ ഛായാചിത്രവും കൈമാറി. പ്രഥമാധ്യാപകൻ സലീം വലിയപറമ്പ്, സ്കൂൾ മാനേജർ എ.എം. ഹബീബ്, സ്റ്റാഫ് സെക്രട്ടറി വി. സുരേഷ് കുമാർ, ഇ.എൻ. അനിതകുമാരി, ടി.കെ. സുദീപൻ, കെ.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.