കൊണ്ടോട്ടി : കനത്ത മഴയിൽ തകർന്ന മുക്കൂട്ട് കൊണ്ടോതി-പൊറ്റമ്മൽ റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ വാർഡ് കൗൺസിലർ കെ.പി. സൽമാന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതിനൽകി.

കനത്ത മഴയിൽ ഇടിഞ്ഞുതാഴ്‌ന്ന റോഡ് നന്നാക്കാൻ ഒന്നരമാസമായിട്ടും നടപടികളുണ്ടായിട്ടില്ല. മേഖലയിൽ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വീടുകളും അപകടാവസ്ഥയിലുണ്ട്. നഗരസഭാ എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയതുപ്രകാരം 80 ലക്ഷം രൂപയാണു റോഡ് നന്നാക്കുന്നതിനായി കണക്കാക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു.

എ.ഐ.വൈ.എഫ്. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. സമദ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി പുലത്ത് കുഞ്ഞു, കെ.എം. അബ്ദുറഹ്‌മാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.