നിലമ്പൂർ : കരുളായി വനത്തിൽവെച്ച് പോലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പിൽ മരിച്ച സി.പി.ഐ. (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെയും തമിഴ്‌നാട് സംസ്ഥാനകമ്മിറ്റി അംഗം അജിതയുടെയും അനുസ്‌മരണയോഗം നിലമ്പൂർ ചന്തക്കുന്ന് ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്നു.

2016 നവംബർ 24-നായിരുന്നു കരുളായി വരയൻമലയിൽവെച്ച് മാവോവാദികളും പോലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന്റെ അഞ്ചാമത് വർഷം തികയുന്ന അവസരത്തിലാണ് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരസ്യമായി അനുസ്‌മരണയോഗം നടത്തിയത്. യോഗത്തിൽ ഇരുപത്തഞ്ചോളം പേർ പങ്കെടുത്തു.

കുപ്പു ദേവരാജിന്റെ ജീവിതപങ്കാളി ഗജേന്ദ്രി അനുസ്‌മരണയോഗം ഉദ്ഘാടനംചെയ്തു. കുടുംബത്തെപ്പോലും ഉപേക്ഷിച്ച് ജനങ്ങൾക്കുവേണ്ടിയാണ് കുപ്പു ദേവരാജ് വീടുവിട്ടിറങ്ങിയതെന്ന് ഗജേന്ദ്രി പറഞ്ഞു. ഭർത്താവിന്റെ മൃതദേഹം 15 ദിവസം കഴിഞ്ഞാണ് തനിക്കു കാണാനായത്. മൃതദേഹംപോലും കാണിക്കാത്തതാണോ ഇന്ത്യയിലെ ജനാധിപത്യമെന്നും അവർ ചോദിച്ചു.

പുരോഗമന യുവജനപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. നഹാസ് അധ്യക്ഷതവഹിച്ചു. പോരാട്ടം നേതാവ് എം.എൻ. രാവുണ്ണി മുഖ്യപ്രഭാഷണം നടത്തി. കാർത്തികേയൻ, രവി, വിഷ്‌ണു, ജിഷാദ്, സേതു, ലുഖ്മാൻ, റിജാസ്, ഹനീൻ തുടങ്ങിയവർ സംസാരിച്ചു. കേരള പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച്, തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ച്, ഇന്റലിജൻസ് (ഐ.എസ്.) എന്നിവയിലെ നിരവധി ഉദ്യോഗസ്ഥർ യോഗം നിരീക്ഷിക്കാനെത്തി.