പൂക്കോട്ടുംപാടം : പൂക്കോട്ടുംപാടം അങ്ങാടിയിൽ കൂടുതൽ ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) നിവേദനം നൽകി. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റിനാണ് നിവേദനം നൽകിയത്.

നിലവിൽ അഞ്ഞൂറോളം ഓട്ടോ പെർമിറ്റുകളാണ് പൂക്കോട്ടുംപാടത്തുള്ളത്. 2020-ൽ ചേർന്ന ഗതാഗതക്രമീകരണസമിതി യോഗത്തിൽ കൂടുതൽ സ്റ്റാൻഡുകൾ അനുവദിക്കണമെന്ന് ഓട്ടോതൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടത്ത് രണ്ടു സ്റ്റാൻഡുകൾകൂടി അനുവദിക്കാൻ ധാരണയായി.

ലൈബ വെഡിങ് സെന്ററിനു സമീപവും കാളികാവ് റോഡിൽ മത്സ്യമാർക്കറ്റിനു സമീപവും പാർക്കുചെയ്ത് സർവീസ് നടത്തുന്നതിനും അനുമതിനൽകി. എന്നാൽ പിന്നീടുനടന്ന ചില രാഷ്ട്രീയനീക്കങ്ങളുടെ ഫലമായി സ്റ്റാൻഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും ഇതേത്തുടർന്നാണ് വീണ്ടും നിവേദനം നൽകിയതെന്നും തൊഴിലാളികൾ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഒട്ടേറെ പ്രയാസങ്ങളനുഭവിക്കുന്നതായും തിരക്കുള്ള സമയങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോകൾക്ക് പാർക്കുചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളതെന്നും തൊഴിലാളികൾ പറഞ്ഞു. ഉടൻതന്നെ ഗതാഗതക്രമീകരണസമിതി ചേർന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. സജി വിശാലയിൽ, കെ. നബീൽ എന്നിവർ നേതൃത്വംനൽകി.