കല്പകഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാലത്തിനനുസരിച്ച് മാറ്റംവന്നിട്ടുണ്ട്. എന്നാൽ ആദ്യകാലം മുതൽ ഈ ഡിജിറ്റൽ കാലത്തുവരെ ഒരു മാറ്റവുമില്ലാതെ പത്തരമാറ്റിൽ തിളങ്ങുന്നതാണ് ചുവരെഴുത്ത്.
എഴുതാനുപയോഗിക്കുന്ന ചായക്കൂട്ടുകൾക്ക് മാറ്റം വന്നെങ്കിലും ചുവരെഴുത്തിന് ഇന്നും പ്രിയമേറെ. തിരഞ്ഞെടുപ്പ് വരും മുമ്പേ ഇത്തരം എഴുത്തുകൾക്കായി സ്ഥലങ്ങൾ ബുക്ക് ചെയ്തിടുന്ന പതിവ് ഇന്നുമുണ്ട്.
കൈതച്ചെടിയുടെ തണ്ട് ചതച്ചുണ്ടാക്കിയ ബ്രഷ് നീലവും കുമ്മായവും പശയും കലക്കിയുണ്ടാക്കിയ ചായത്തിൽമുക്കിയും മുറിച്ച കാട്ടുചേമ്പ് ഉപയോഗിച്ചുമൊക്കെയായിരുന്നു ആദ്യകാലങ്ങളിൽ ചുവരെഴുതിയിരുന്നത്. പിന്നീടത് വാട്ടർ, ഇനാമൽ പെയിന്റുകളിലേക്ക് മാറി. കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോകാതെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അവയിൽ ചിലതെല്ലാം ഇപ്പോഴും കാണാം.
66 വർഷമായിട്ടും മായാത്ത ഒരു തിരഞ്ഞെടുപ്പ് പ്രചാരണ ചുവരെഴുത്ത് ഇന്നും മായാതെ കല്പകഞ്ചേരിയിലുണ്ട്. അങ്ങാടിയിലെ പീടിക ചുമരിലാണ് 1954-ൽ നടന്ന ജില്ലാ ബോർഡ് തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥി രാഘവനുണ്ണിയുടെ ചുവരെഴുത്താണ് ഇന്നും അവശേഷിക്കുന്നത്. തിരുനാവായ ഡിവിഷന്റെ ഭാഗമായിരുന്ന കല്പകഞ്ചേരിയിൽ അന്ന് മത്സരിച്ചിരുന്നത് മുസ്‌ലിം ലീഗിനുവേണ്ടി മമ്മു ഹാജിയും സ്വതന്ത്ര സ്ഥാനാർഥിയായി രാഘവനുണ്ണിയുമാണ്. രാഘവനുണ്ണിക്ക് ആന ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ചുവരെഴുത്താണിത്.