തിരുനാവായ : കാർഷിക ബിരുദ വിദ്യാർഥികളുടെ ഗ്രാമവാസ പരിപാടിയോടനുബന്ധിച്ച് മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്തിൽ ഇരട്ടവരി ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു.
നെൽകൃഷിക്കാർക്ക് പുതിയ കൃഷിരീതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുനാവായയിൽ ഇരട്ടവരി ഞാർ നടീൽ പ്രദർശനം നടന്നത്.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ആദ്യ പരിപാടിയാണിത്.
നിലവിലെ രീതിയിൽനിന്ന് ലഭിക്കുന്നതിനെക്കാളും ഇരുപത്തിയഞ്ച് ശതമാനം അധികംവിളവ് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.
വെള്ളാനിക്കര കാർഷിക കോളേജ്, ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം, തിരുനാവായ കൃഷിഭവൻ ,തിരുനാവായ ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാവൂർ പാടശേഖരത്തിൽപ്പെട്ട സൗത്ത് പല്ലാർപാടത്താണ് നടീൽ പ്രദർശനം നടന്നത്.
ജില്ലാപഞ്ചായത്തംഗം ഫൈസൽ എടശ്ശേരി ഉദ്ഘാടനംചെയ്തു. മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രം അസി. പ്രൊഫ. ഡോ. പി.കെ. അബ്ദുൽ ജബ്ബാർ പദ്ധതിയുടെ വശങ്ങൾ വിശദീകരിച്ചു. സൂർപ്പിൽ സുബൈദ, ടി. വേലായുധൻ, പ്രഭാകരൻ, കൃഷി ഓഫീസർ ഫർസാന, സയന്റിഫിക് ഓഫീസർ സി.വി. അംബുജൻ, മമ്മിളിയത്ത് ജനാർദ്ദനൻ കുറ്റിയത്ത് ബാലകൃഷ്ണൻ, സി.വി. മൊയ്‌തീൻകുട്ടി, തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.