എടക്കര : ഞാറ്‌ കൈകളിലേന്തി ചേറിലും ചെളിയിലുമിറങ്ങിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ പാതിരിപ്പാടത്ത് നടീൽ ഉത്സവം നടന്നു.

പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കോളേജിലെ ഡിഗ്രി രണ്ടാംവർഷ എൻ.എസ്.എസ്. യൂണിറ്റിലെ അംഗങ്ങളാണ് കാർഷികസംസ്‌കൃതിയുടെ പുനർജനി ഇനിയും അസാധ്യമല്ലെന്നു തെളിയിച്ചത്. ബെന്നി തുരുത്തേലിന്റെ രണ്ടേക്കറോളം വരുന്ന പാടത്താണ് ഞാറുനട്ടത്. മുപ്പത്തഞ്ചോളം കുട്ടികൾ ഉത്സവത്തിൽ പങ്കെടുത്തു. കൃഷിഭവനിൽനിന്നു ലഭിച്ച ശ്രേയസ് വിത്തുകൊണ്ട് ബെന്നി മുളപ്പിച്ച ഞാറാണ് നട്ടത്. കൃഷിവകുപ്പ് ജീവനക്കാരുടെയും കർഷകരുടെയും നേതൃത്വത്തിൽ ഞാറുനടുന്ന രീതിയെക്കുറിച്ച്‌ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.

നടീൽ ഉത്സവം പഞ്ചായത്തംഗം ഉമ്മുസൽമത്ത് ഉദ്ഘാടനംചെയ്തു. ഖാദർ മണക്കാട്, പ്രോഗ്രാം ഓഫീസർ അജീഷ്, അധ്യാപകരായ രതീഷ്, സനീഷ്, എൻ.എസ്.എസ്. ഭാരവാഹികളായ സേതുലക്ഷ്‌മി, ഷിബിൻ എന്നിവർ നേതൃത്വംനൽകി. കൃഷി അസിസ്റ്റന്റ് എ. ശ്രീജയ് കാർഷികമേഖലയെക്കുറിച്ച് ക്ലാസെടുത്തു.