പരപ്പനങ്ങാടി : റോഡരികിലെ പൊതുകുളത്തിന് സുരക്ഷാഭിത്തിയില്ലാത്തത് അപകട ഭീഷണിയുയർത്തുന്നു. പാലത്തിങ്ങൽ കൊട്ടന്തല പൂവാച്ചി ലിങ്ക് റോഡിലാണ് കൈവരികളില്ലാത്ത പൊതുകുളമുള്ളത്.

ഇരുചക്രവാഹനമുൾപ്പടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. റോഡ് നവീകരിച്ച് പുതുതായി ടാറിങ് ചെയ്തിട്ട് മാസങ്ങളായി.

റോഡിന് ഇരുവശവും കുളവും വയലുമാണ്. കൈവരിയില്ലാത്തതിനാൽ ഇതിലൂടെയുള്ള രാത്രിയാത്രയുൾപ്പെടെ അപകടസാധ്യത ഏറിയതാണ്. കാൽനടക്കാർക്കും കൈവരിയില്ലാത്ത കുളം ഭീഷണിയാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ നടപടികളായില്ലെന്നും അപകടം പതിയിരിക്കുന്ന പൂവാച്ചി കുളത്തിന് കൈവരി സ്ഥാപിക്കണമെന്നും പൊതുപ്രവർത്തകനായ പി.വി. ശംസുദ്ദീൻ പറഞ്ഞു.