പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

തവനൂർ : കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യുടെ മരണത്തിൽ അവ്യക്തത. ഹൃദയാഘാതംമൂലമാണ് മരണമെന്നാണ് മൃതദേഹപരിശോധനയ്ക്കുശേഷം പോലീസിന് ലഭിച്ച വിവരം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നതിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ.

മൃതദേഹ പരിശോധനയിൽ ദേഹത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതാണ് ഹൃദയാഘാതമെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കാരണം. ഏത് സാഹചര്യത്തിലാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് പരിശോധിക്കുന്നുണ്ട്. കൊലക്കുറ്റവും മോഷണക്കുറ്റവും ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിനിടെ സമീപവാസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. ഇയ്യാത്തുട്ടി ഉമ്മയുടെ വീടിനുസമീപം കണ്ട രണ്ടുപേരിൽ ഒരാളുടെ രേഖാചിത്രമാണിത്. കറുപ്പിൽ ചുവപ്പ് വരയുള്ള പൾസർ ബൈക്കിലാണ് ഇരുവരും വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തിരുന്നു. വളയും മാലയുമെല്ലാം ഉൾപ്പെടെ ഇയ്യാത്തുട്ടി ഉമ്മയുടെ ദേഹത്ത് 15 പവനോളം ആഭരണങ്ങളുണ്ടായിരുന്നെന്നാണ് ബന്ധുക്കളിൽനിന്നും മറ്റും ലഭിച്ച വിവരം. അലമാരയിലെ സാധനങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. കൂടുതൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ആഭരണത്തോട് ഭ്രമമുള്ള കൂട്ടത്തിലായിരുന്നു ഇയ്യാത്തുട്ടി ഉമ്മ. ഇത് അറിയാവുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. കൈയിലെ വളകൾ ഊരിയെടുക്കാൻ പറ്റില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആയുധംകൊണ്ട് മുറിച്ചെടുത്താൽ മാത്രമേ കിട്ടൂ. എന്നാൽ, വീട്ടിലെ ആയുധങ്ങൾ ഉപയോഗിച്ച് മുറിച്ചതിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടാണ് മുൻകൂട്ടി പദ്ധതി തയ്യാറാക്കി ആയുധങ്ങളുമായെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നത്. ഇതിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.