അതിർത്തിമലകളിൽ കനത്ത മഴ തുടരുന്നു. നീലഗിരി മലകളിൽനിന്നടക്കമുള്ള മഴവെള്ളത്തിന്റെ കുത്തൊഴുക്ക് ചലിയാറിന്റെ ചെരുവിലേക്കാണ്. രണ്ടുദിവസമായി മലവാരങ്ങളിൽ ശക്തമായ മഴയുണ്ട്. മലവെള്ളം ജില്ലയുടെ കിഴക്കൻ ചെരുവിലൂടെയാണ് ഒലിച്ചിറങ്ങുക. കുത്തൊഴുക്ക് പ്രധാനമായും ബാധിക്കുക ചാലിയാറിനെയും കൈവഴികളെയുമാണ്. വയനാടൻ മലനിരകളിൽ മഴ തുടർന്നാലും വെള്ളം ചാലിയാറിലേക്കുതന്നെയാണ് ഒലിച്ചിറങ്ങുക.

ഗൂഡല്ലൂർ, ദേവാല ഭാഗങ്ങളിലെ പൊന്നാനി ആറ്, ചോലാടി, അളവയൽ, ആളിയാർ, പുന്നംപുഴ, കല്ലംപുഴ, പാടന്തറ തുടങ്ങിയവയെല്ലാം നിറഞ്ഞാലും ഇതുതന്നെയാണു സ്ഥിതി. മഴ തുടർന്നാൽ ശക്തമായ കുത്തൊഴുക്കുണ്ടാകുമെന്ന് തമിഴ്നാട് അധികൃതർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.ചാലിയാറിന്റെ വഴിഎടക്കരനിലമ്പൂർഎടവണ്ണപ്പാറഅരീക്കോട്‌എടവണ്ണഗ്രാഫിക്സ്‌: വിജേഷ്‌ വിശ്വംഡിസൈൻ: സുധീഷ്‌ സി.കെ.

ഷിഹാബുദ്ദീൻ കാളികാവ്

കാളികാവ് : മലയോരത്ത് മലവെള്ളപ്പാച്ചിലിൽ പുഴകൾ നിറഞ്ഞു. വെള്ളിയാഴ്‌ചത്തെ മഴയിലാണ് ചോലകളും പുഴകളും നിറഞ്ഞൊഴുകാൻ തുടങ്ങിയത്. പുഴകൾ കരകവിഞ്ഞതോടെ താഴ്‌ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചോക്കാട് വള്ളിപ്പൂള, പരുത്തിപ്പറ്റ എന്നിവിടങ്ങളിൽ രണ്ടുവീതം വീടുകളിലും കൂട്ടർപ്പെട്ടിയിൽ ഒരുവീട്ടിലും വെള്ളംകയറി. വള്ളിപ്പൂള എവർഗ്രീൻ ക്ലബ്ബ് കുത്തൊഴുക്കിൽ തകർന്നു. ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിലന്പൂർ-പെരുന്പിലാവ് സംസ്ഥാനപാതയിൽ പന്നിക്കോട്ടുമുണ്ട, സ്രാന്പിക്കല്ല് എന്നിവടങ്ങളിൽ വെള്ളംകയറി.

വള്ളിപ്പൂളയിൽ റോഡിലൂടെ ശക്തമായ കുത്തൊഴുക്കുണ്ടായതിനാൽ യാത്ര തടസ്സപ്പെട്ടു. റോഡിൽനിന്ന് രണ്ടു വീടുകളിലേക്ക് വെള്ളംകയറി. പിലാക്കാടൻ സലീം, ചാലുവെള്ളി നഫീസ എന്നിവരുടെ വീടുകളിലാണ് വെള്ളംകയറിയത്.

പരുത്തിപ്പറ്റയിൽ പിലാക്കടവത്ത് മുഹമ്മദ്, പുലത്ത് ശിഹാബ്, കൂട്ടർപ്പെട്ടിയിൽ കാരക്കാടൻ സുബൈദ എന്നിവരുടെ വീടുകളിലാണ് വെള്ളംകയറിയത്. വീട്ടുകാരെ താത്കാലികമായി മാറ്റി.

ചാലിയാറിന്റെ പ്രധാന കൈവഴിയായ കോട്ടപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കോട്ടപ്പുഴയുടെ ഉദ്‌ഭവസ്ഥലമായ കോഴിപ്ര മലവാരത്തുണ്ടായ കനത്ത മഴയാണ് കുത്തൊഴുക്കിനിടയാക്കിയത്. വള്ളിപ്പൂളയിൽ കരകവിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകി മറുകരയിലെ കൃഷിയിടങ്ങളിലെത്തി. ചേനപ്പാടി തോട് നിറഞ്ഞ് വി.പി. സജീവൻ, കെ.പി. അബ്ദുൽലത്തീഫ്, കൂത്രാടൻ ഫൈസൽ, കൂത്രാടൻ ഹനീഫ തുടങ്ങിയവരുടെ കൃഷിയിടത്തിലൂടെ ഒഴുകി.