എടക്കര : സമഗ്രവികസനം ലക്ഷ്യം വെച്ചുള്ള ബജറ്റിന് എടക്കര പഞ്ചായത്തുസമിതി അംഗീകാരം നല്കി. 20.46 കോടി രൂപ വരവും 20.13 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി അവതരിപ്പിച്ചത്.

കിടത്തിച്ചികിത്സ ലക്ഷ്യംവെച്ച് ആശുപത്രി പണിയുക, പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഇരട്ടയാംകുളത്തുള്ള സ്ഥലത്ത് ആരോഗ്യ പാർക്ക് സ്ഥാപിക്കുക, മുഴുവൻ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നതിനായി ഡിജിറ്റൽ എടക്കര പദ്ധതി തുടങ്ങുക എന്നിവയും ലക്ഷ്യങ്ങളാണ്.

സ്ഥലം ഇല്ലാത്തവർക്ക് വീടുവെക്കാൻ സ്ഥലം വാങ്ങുന്നതിനും, ദാരിദ്ര്യ നിർമാർജനത്തിനും കുടിവെള്ളത്തിനുമായി 4.99കോടി രൂപയും കളിസ്ഥലം വാങ്ങുന്നതിനും വിദ്യാഭ്യാസമേഖലയ്ക്കും 25 ലക്ഷം രൂപയും പട്ടിക ജാതി-വർഗ വികസനത്തിന് 79 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കബീർ പനോളി, ഫസിൻ മുജീബ്, സിന്ധു പ്രകാശ്, എം.കെ. ധനഞ്ജയൻ, പി. മോഹനൻ, ലിസി തോമസ്, സന്തോഷ് കപ്രാട്ട് എന്നിവർ സംസാരിച്ചു.