മലപ്പുറം : ഡീസൽ വിലവർധനവിനെതിരായി വ്യാഴാഴ്ച രാവിലെ 10.30-ന് മലപ്പുറം ദൂരദർശന്‌ മുൻപിൽ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ധർണ നടത്തും. പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. ഇന്ധനവില വർധന നിയന്ത്രണവിധേയമാക്കാൻ തയ്യാറായില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെച്ച് റിഫൈനറികൾ ഉപരോധിച്ച് ഫെഡറേഷൻ പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, പി. മുഹമ്മദ്, പക്കീസ കുഞ്ഞിപ്പ, റഫീഖ് കുരിക്കൾ എന്നിവർ പങ്കെടുത്തു.

സർവീസ് നിർത്തിയത് 40 ശതമാനം ബസുകൾ

അടിക്കടിയുണ്ടാകുന്ന ഡീസൽവില വർധനവുമൂലം ജില്ലയിൽ 40 ശതമാനം ബസുകളും സർവീസ് നിർത്തി. എട്ടു മാസത്തിനിടെ 21 രൂപയാണ് ഡീസലിന് വർധിച്ചത്. ഫെബ്രുവരിയിൽ മാത്രം നാല് രൂപ വർധിച്ചു. ഓരോ ബസ്സിനും ഒരു ദിവസത്തെ ഡീസൽ ചെലവിൽ 1500 രൂപ മുതൽ 2500 രൂപ വരെ അധികമാണ് വേണ്ടിവരുന്നത്.

കോവിഡ് മൂലം ശരാശരി 600 മുതൽ 700 വരെ യാത്രക്കാരുണ്ടായിരുന്നിടത്ത് 200-300 പേരാണ് ഇപ്പോൾ കയറുന്നത്. നാല് ജീവനക്കാരുണ്ടായിരുന്ന ബസുകളിൽ ആളെ വെട്ടിക്കുറച്ച് രണ്ട് പേരാക്കി. അവർക്ക് കുറഞ്ഞ വേതനമാണ് നൽകുന്നത്.