തേഞ്ഞിപ്പലം : രാഷ്‌ട്രീയപ്രേരിതമായി പിരിച്ചുവിട്ട താത്കാലിക ഡ്രൈവർമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രവർത്തകർ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് ഉപരോധിച്ചു. വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.

ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഉച്ചവരെ നീണ്ട ഉപരോധസമരം വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചു. അടിയന്തരമായി സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ചനടത്തി വിഷയത്തിൽ പരിഹാരം കാണുമെന്ന് വൈസ് ചാൻസലർ അറിയിച്ചതായും അനുകൂല നടപടിയില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത്‌ലീഗ് നേതാക്കൾ പറഞ്ഞു.

സവാദ് കള്ളിയിൽ അധ്യക്ഷനായി. മുൻ സിൻഡിക്കേറ്റംഗം വി.പി. അബ്ദുൽഹമീദ്, എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ബക്കർ ചെർന്നൂർ, ഗുലാംഹസ്സൻ ആലങ്കീർ, അൻസാർ കളിയാട്ടമുക്ക്, ഷരീഫ് വടക്കയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കലാം, ടി. വിജിത്ത്, മുസ്തഫ തങ്ങൾ, സി.സി. അമീറലി, എം. സൈതലവി, സി. ജൈസൽ, സലാഹു ചേളാരി, സമദ് കൊടക്കാട്, ജാഫർ ചേളാരി, സത്താൻ ആനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.