കുറ്റിപ്പുറം : ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനു നഷ്‌ടപരിഹാരം നിശ്ചയിക്കുമ്പോൾ വിപണിമൂല്യമുൾപ്പെടെ എല്ലാ കാര്യങ്ങളും പരിഗണിക്കണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ നൽകിയ നഷ്‌ടപരിഹാരം പുനഃപരിശോധിക്കണമെന്ന ആവശ്യമുയരുന്നു.

റവന്യൂ രേഖകൾക്കൊപ്പം ഡേറ്റാബാങ്ക് ഉൾപ്പെടുന്ന രേഖകളും വിപണിവില, വസ്തുവിന്റെ നിലവിലെ സ്ഥിതി, ഉപയോഗം, സ്വഭാവം, റോഡ് സാമീപ്യം, പ്രവേശനമാർഗം തുടങ്ങിയ കാര്യങ്ങൾ സമഗ്രമായി പരിശോധന നടത്തി മാത്രമേ നഷ്ടപരിഹാരം കണക്കാക്കാവൂവെന്നാണ് ഹൈക്കോടതി വിധി. ഭൂമി സംബന്ധിച്ച രേഖകളിലെ അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ.) മാത്രം പരിശോധിച്ച് ഭൂമിയുടെ തരം രേഖപ്പെടുത്തി നഷ്‌ടപരിഹാരം കണക്കാക്കിയതിൽ കുറ്റിപ്പുറത്തും മറ്റു പ്രദേശങ്ങളിലും ഭൂമി വിട്ടുകൊടുത്തവർക്ക് ഭീമമായ നഷ്‌ടം വന്നിട്ടുണ്ട്. ഈ മേഖലയിൽ ഭൂമിയുടെ തരം നഞ്ച ആയതിനാലാണത്.

പലതവണ അധികൃതർക്കുമുന്നിൽ ഇക്കാര്യം അവതരിപ്പിച്ചിട്ടും നടപടിയില്ലാത്തതിനാൽ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നിലവിൽ വരുന്നതിനു എത്രയോ മുൻപുതന്നെ കരഭൂമിയായി മാറിയിട്ടുള്ളതും വർഷങ്ങൾ പഴക്കംചെന്ന മരങ്ങളും പുരയിടവുമുള്ള ഭൂമിയാണ് ഇവിടുത്തേത്. എന്നാൽ, ബി.ടി.ആറിൽ തരംമാറ്റാതെ കിടക്കുന്നതിനാൽ നഷ്‌ടപരിഹാരം നിശ്ചയിച്ചപ്പോൾ വലിയതോതിലുള്ള കുറവുണ്ടായി. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകിയ നഷ്‌ടപരിഹാരത്തുക പുനഃപരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്ന് എൻ.എച്ച്. 66 ആക്‌ഷൻ കൗൺസിൽ കുറ്റിപ്പുറം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. അഡ്വ. ഫൈസൽ റഹ്‌മാൻ അധ്യക്ഷനായി. ആറുകണ്ടം അബ്‌ദുറഹ്‍‌‌മാൻ, ഇറക്കിങ്ങൽ ഭാസ്‌കരൻ, മൂത്തേടത്ത് ദിലീപ്, കെ.പി. മുസ്തഫ എന്നിവർ പ്രസംഗിച്ചു.കർമസമിതിയുടെ ആവശ്യം കോടതിവിധിയുടെ പശ്ചാത്തലത്തിൽ