നിലമ്പൂർ : നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളോട് ഇനിമുതൽ ജോലിക്കിറങ്ങേണ്ടാ എന്ന നഗരസഭാ അധികാരികളുടെ നിലപാടിനെതിരേ പ്രതിപക്ഷാംഗങ്ങൾ നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു.

കഴിഞ്ഞ വിജയദശമിദിനത്തിൽ ജോലിക്കിറങ്ങാത്ത പയ്യമ്പള്ളി വാർഡിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്കാണ് ജോലി നിഷേധിച്ചത്. ഇത് തൊഴിൽ അവകാശങ്ങളുടെ ലംഘനമാണന്ന് പ്രതിപക്ഷനേതാവ് പാലോളി മെഹബൂബ് പറഞ്ഞു. പട്ടികജാതി ക്ഷേമവകുപ്പിനും ഓംബുഡ്‌സ്‌മാനും ജില്ലാ കളക്‌ടർക്കും പരാതിനൽകും. നഗരസഭാംഗങ്ങളായ ഷേർളി മോൾ, ഡെയ്‌സി ചാക്കോ, റസിയ അള്ളമ്പാടം, രാജലക്ഷ്‌മി, സാലി ബിജു, ശ്രീജ വെട്ടത്താഴത്ത് എന്നിവർ പങ്കെടുത്തു.

എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നിലമ്പൂർ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. ബഷീർ പറഞ്ഞു.