നിലമ്പൂർ : കോവിഡ് മഹാമാരിയുടെ ഒന്നരവർഷത്തിനുശേഷം സ്കൂളിലേക്ക് തിരികെവരുന്ന കുരുന്നുകളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. കാട്ടുമുണ്ട യു.പി. സ്കൂളിൽ ശുചീകരണപ്രവൃത്തികൾ നടന്നു. പുതിയ കെട്ടിടമടക്കം എല്ലാ ക്ലാസ് മുറികളും വൃത്തിയാക്കി.

പ്രതിരോധപ്രവർത്തനം മുൻനിർത്തിയാണ് അധ്യയനവർഷം തുടങ്ങുന്നത്. സ്കൂൾ ഗേറ്റിൽത്തന്നെ വിദ്യാർഥികളെയും അധ്യാപകരെയും പരിശോധനയ്ക്കു വിധേയമാക്കും. സംശയം തോന്നുന്നവരെ നിരീക്ഷിക്കാനായി മൂന്ന് ക്ലാസ്‌മുറികൾ അടങ്ങുന്ന കെട്ടിടം തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമിക രോഗലക്ഷണം കാണിക്കാത്തവരെയാണ് ക്ലാസ് മുറിയിലേക്ക് കടത്തിവിടുന്നത്.

മൂന്ന് ബാച്ചുകളായാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. കോവിഡ് പ്രതിരോധത്തിന് മുൻതൂക്കം നൽകിയാണ് അധ്യയനവർഷം ആരംഭിക്കുന്നത്. ഈ സ്കൂളിൽ നിലവിൽ 15 ഡിവിഷനുകളാണുള്ളത്.

നിലവിൽ ഒരു ക്ലാസിൽ 60-ഓളം വിദ്യാർഥികളുണ്ട്. ഇതുപ്രകാരം 23 ഡിവിഷനുകളാണ് സ്കൂളിൽ ഉണ്ടാകേണ്ടത്.പുതിയ ക്ലാസ് മുറികൾ തയ്യാറായ സാഹചര്യത്തിൽ പുതിയതായി എട്ടു ഡിവിഷനുകൾ ആരംഭിക്കാനുള്ള സാഹചര്യം സ്കൂളിൽ തയ്യാറായിട്ടുണ്ട്.

ശുചീകരണപ്രവർത്തനങ്ങൾക്ക് വാർഡംഗം വി. വിലാസിനി, മറ്റംഗങ്ങളായ മേജർ മുഹമ്മദ്, വി.കെ. ഷിഹാബ്, ഗീതാ വിജയൻ, പ്രഥമാധ്യാപകൻ സി.കെ. അഷ്‌റഫ്, പി.ടി.എ. പ്രസിഡന്റ് കെ.ടി. മജീദ്, എം.എം.സി. ചെയർമാൻ പുന്നപ്പാല കരീം, എം.ടി.എ. പ്രസിഡന്റ് സുലൈഖ, എസ്.ആർ.ജി. കൺവീനർ വി. രഘുനാഥൻ, സ്റ്റാഫ് സെക്രട്ടറി ഉമ്മൻ ചാക്കോ, പൂർവ വിദ്യാർഥികൾ, കാട്ടുമുണ്ട കാസ്‌കോ ക്ലബ്ബ്, കുന്നുംപുറം യൂത്ത് ക്ലബ്ബ്, വിവിധ രാഷ്ട്രീയപ്പാർട്ടി -സംഘടനാ പ്രതിനിധികൾ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.

തൃക്കൈക്കുത്ത് വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ മൈതാനം പരിസരം എന്നിവ വൃത്തിയാക്കി.