കോഴിക്കോട്‌ : കടലുണ്ടി-വള്ളിക്കുന്ന്‌ കമ്യൂണിറ്റി റിസർവ് രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച പഴയകാല പ്രവർത്തകരെ ഉൾപ്പെടുത്തി മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി വെബിനാർ നടത്തി. ‘ഞങ്ങളെ കടലുണ്ടി ഇങ്ങനല്ല’ എന്ന വെബിനാർ ഔഷധി മാനേജിങ്‌ ഡയറക്ടർ കെ.വി. ഉത്തമൻ ഉദ്‌ഘാടനംചെയ്തു.

പുഴയിലെ നീരൊഴുക്കിൽ വന്ന വ്യതിയാനം, കണ്ടൽക്കാടുകളുടെ നാശം, പക്ഷികളിലും മറ്റ്‌ ജീവജാലങ്ങളിലുമുള്ള ഗണ്യമായ കുറവ്, പുതുതായി രൂപംകൊണ്ട മണൽത്തിട്ടകളുടെ ആധിക്യം, അനധികൃതമായി നിർത്തിയിടുന്ന മത്സ്യബന്ധനയാനങ്ങൾ തുടങ്ങിയവ കമ്മ്യൂണിറ്റി റിസർവിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന്‌ വിദഗ്ധർ വിലയിരുത്തി.

പ്രൊഫ. അബ്ദുൾ റിയാസ്‌ നയിച്ച ചർച്ചയിൽ വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ യു. കലാനാഥൻ, ഡോ. ദീപകുമാർ നാരായണക്കുറുപ്പ്‌, കെ.കെ. സുനിൽകുമാർ, ഡോ. പി.കെ. അശോകൻ, ഡോ.കെ. വിനോദ്‌, ഡോ. പി.എസ്‌. ഈസ, ഒ. ജയരാജൻ, ഡോ. ദിനേശൻ ചെറുവാട്ട്‌, പി. ശിവദാസൻ, ടി. അജിത്‌കുമാർ, വിജേഷ്‌ വള്ളിക്കുന്ന്‌, സത്യൻ മേപ്പയൂർ, ഡോ. മുഹമ്മദ്‌ ജാഫർ പാലോട്ട്‌ തുടങ്ങിയവർ പങ്കെടുത്തു.