എടവണ്ണ : ചോലാർമല ആദിവാസിക്കോളനിയിലേക്ക് ദുർഘടപാത താണ്ടിയുള്ള യാത്രയ്ക്ക് അറുതിയാകും. പാത നവീകരണത്തിന് സംസ്ഥാന സർക്കാർ ഒരുകോടി രൂപ നീക്കിവെച്ചു. ചാത്തല്ലൂർ കാവിലട്ടി മുതൽ ഒരു കിലോമീറ്റർ ടാർ െചയ്യാനാണ് പദ്ധതിക്ക് ഭരണാനുമതിയായത്. സാങ്കേതികാനുമതി നേടി പണി ഉടൻ നടത്താൻ ത്വരിതനടപടികളാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ എം. ജാഫർ പറഞ്ഞു.

കാവിലട്ടിയിൽനിന്ന് രണ്ടര കിലോമീറ്ററാണ് ചോലാർമലയിലേക്ക്. 66 കുടുംബങ്ങളാണിവിടെ കഴിയുന്നത്. റേഷൻകടയിലെത്താനും അവശ്യസാധനങ്ങൾ വാങ്ങാനും മറ്റും ഇവർക്ക് കുന്നിറങ്ങണം. കാലവർഷത്തിൽ കല്ലുംമണ്ണും മൂടി പാത പൂർണമായും അടയും. പലയിടത്തും വെള്ളക്കെട്ടുകളും നിറയും. രോഗിയെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ചുമന്നു കൊണ്ടുപോകണം. പതിറ്റാണ്ടുകളായി കോളനിക്കാർ യാത്രാദുരിതം പേറുകയാണ്. കാവിലട്ടി ഭാഗത്തുനിന്ന് തുടങ്ങുന്ന ഒരു കിലോമീറ്റർ പിന്നിട്ടാൽ തീർത്തും ആദിവാസിമേഖലയാണ്. ഇവിടെനിന്ന് തുടർ പണികൾക്ക് പട്ടികവർഗ ഫണ്ടുകൾ ലഭ്യമാകുമെന്നും പഞ്ചായത്തധികൃതർ പറയുന്നു. നേരത്തേയും സർക്കാർ ബജറ്റിൽ തുക നീക്കിവെച്ചിരുന്നെങ്കിലും പലകാരണങ്ങളാൽ ഭരണാനുമതിക്ക് നടപടി നീളുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

കുടിവെള്ളത്തിനും പദ്ധതി

ചാത്തല്ലൂർ : ചോലാർമല കോളനിയിൽ കുടിവെള്ള പദ്ധതിയ്ക്കും പഞ്ചായത്ത് നടപടികളായി. 29.5 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു. പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാകുംമുറയ്ക്ക് പ്രവൃത്തി തുടങ്ങും. മലയിൽ ഒട്ടേറെ കുടുംബങ്ങൾ വേനലായാൽ കടുത്ത ജലക്ഷാമം നേരിടുകയാണ്. കിലോമീറ്ററുകൾ താണ്ടി മമ്പാട് പഞ്ചായത്തിലെ മങ്ങാട് എസ്റ്റേറ്റിലെത്തിയാണ് വേനലിൽ ഇവർ വെള്ളം ശേഖരിക്കുന്നത്.

അടുത്ത വേനൽക്കാലമെത്തുന്നതോടെ പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. കാവിലട്ടിയിൽ കിണറും പമ്പ് ഹൗസും ഒരുക്കി മലമുകളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് പദ്ധതി. ഇതിനായി വ്യക്തിയിൽനിന്ന് സ്ഥലമേറ്റെടുക്കും. മലമുകളിൽ ജലസംഭരണി സ്ഥാപിക്കും. കുടുംബങ്ങൾക്ക് ഗാർഹിക കണക്‌ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.