മങ്കട : അധ്യാപകൻ സംവിധാനംചെയ്ത് വിദ്യാർഥിനി അഭിനയിച്ച് സ്കൂൾപരിസരത്ത് ചിത്രീകരിച്ച ഹ്രസ്വചിത്രം അതേ സ്കൂൾമുറ്റത്ത് പ്രദർശിപ്പിക്കുന്നു. മങ്കട പള്ളിപ്പുറം ഗവ.യു.പി. സ്കൂൾ അധ്യാപകൻ സലിം പെരിമ്പലം നിർമിച്ച മലാല വീപ്സ് കൊറോണ ഗോ എന്ന 20 മിനിട്ട് സിനിമയുടെ ആദ്യപ്രദർശനം ശനിയാഴ്ച രാത്രി ഏഴിന് നടക്കും.
ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്യും. കല മഞ്ചേരിയും സ്കൂൾ ശതപൂർണിമ ശതാബ്ദി കമ്മിറ്റിയും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. അഡ്വ. ടി.പി. രാമചന്ദ്രൻ ഓപ്പൺ ഫോറം മോഡറേറ്ററായിരിക്കും.
കൊറോണക്കാലത്ത് അടഞ്ഞുകിടക്കുന്ന വിദ്യാലയത്തിലെത്തുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളാണ് ഇതിവൃത്തം. ഏഴാംക്ലാസ് വിദ്യാർഥിനി കെ. വിസ്മയയാണ് മലാലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 26-ന് വൈകീട്ട് നാലിന് മഞ്ചേരി ഇന്ത്യൻ മാളിൽ പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.