തിരൂർ : ജൂവലറിയുടമയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം ഇനിയും വ്യക്തമായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിൽ അനാസ്ഥയെന്ന് ബന്ധുക്കൾ. മൃതദേഹം തിരൂരങ്ങാടി ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ടാണ് തിരൂരിലെ രത്ന ജൂവലറി ഉടമ ധനഞ്ജയനെ (ഉണ്ണി - 45) ചില്ലടച്ചിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജില്ലാ ആശുപത്രിയിൽ മോർച്ചറിയും പോസ്റ്റ്മോർട്ടം മുറിയും അടച്ചുപൂട്ടിയതിനാൽ പോസ്റ്റ്മോർട്ടത്തിനായി തിരൂരങ്ങാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർ നിർദേശിച്ചത്. ഇനി ചൊവ്വാഴ്ചയേ പോസ്റ്റ്മോർട്ടം നടക്കൂ. വെട്ടം കക്കയത്ത് വാടകവീട്ടിൽ താമസിച്ചു വന്ന ധനഞ്ജയൻ തൃക്കണ്ടിയൂരിലെ തറവാടിനോടു ചേർന്ന, വീടുവെക്കാൻ കല്ലിറക്കിയ പറമ്പിൽവെച്ചാണ് മരിച്ചത്.