അങ്ങാടിപ്പുറം : പിതാമഹൻമാരിൽനിന്ന് കേട്ടറിഞ്ഞ സ്വാതന്ത്ര്യസമരത്തിന്റെ അനുഭവകഥകളും കുടുംബാംഗങ്ങൾ അനുഭവിച്ച വേദനകളും പങ്കുവെച്ച് അവർ ആദ്യമായി ഒത്തുകൂടി. മലപ്പുറത്തു ജനിച്ച് ഗാന്ധിയൻ മൂല്യങ്ങളിൽ അടിയുറച്ചുനിന്ന് പോരാടിയ താമ്രപത്ര ജേതാക്കളായ സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളാണ് അങ്ങാടിപ്പുറത്ത് ഒത്തുകൂടിയത്.
‘മലബാർ കേസരി’ എന്നു വിശേഷിപ്പിക്കപ്പെട്ട എം.പി. നാരായണമേനോന്റെ സ്‌മാരകമായ നാരായണമേനോൻ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രരചനയ്ക്കും കുടുംബങ്ങളുടെ ക്ഷേമത്തിനും കേന്ദ്രസർക്കാർ നടപ്പാക്കാൻപോകുന്ന വിവിധ പദ്ധതികൾ കേന്ദ്ര വിദ്യാഭ്യാസ മേൽനോട്ടസമിതി അംഗം എ. വിനോദ് വിവരിച്ചു. സ്വാതന്ത്ര്യസമര സേനാനികൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും സമരസേനാനികളുടെ കുടുംബത്തെ സഹായിക്കാനും യോഗം തീരുമാനിച്ചു. ഏപ്രിലിൽ കേരളത്തിലെ മുഴുവൻ സ്വാതന്ത്ര്യഭടൻമാരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് കുടുംബസമ്മേളനം നടത്തും. വളാഞ്ചേരി ഇരിമ്പിളിയത്ത് ഗോപാലൻ നായരുടെ മകൻ ശങ്കരനാരായണൻ, എം.പി. നാരായണ മേനോന്റെ സഹോദരൻ എം.പി. കുഞ്ഞിക്കണ്ണമേനോന്റെ മകൻ എം.പി. കൃഷ്ണകുമാർ, പുലാമന്തോൾ ബാപ്പുട്ടി മാസ്റ്ററുടെ മക്കളായ ഷാഹുൽഹമീദ്, നൗഫൽ, മൊയ്തീൻകുട്ടി, മകന്റെ മകൾ ജാസി മോൾ, വി.കെ. അബൂബക്കർ, പുലാമന്തോൾ മലവെട്ടത്ത് മുഹമ്മദ് ഹാജിയുടെ മക്കളായ എം. മുഹമ്മദാലി, നുറുദ്ദീൻ, ഇബ്രാഹിം, കാളികാവ് വാളക്കോട്ടിൽ നാരായണൻ മാസ്റ്ററുടെ മക്കളായ വി. സത്യനാഥൻ, സുരേഷ്‌ബാബു, മരുമകൾ ശാന്തകുമാരി, മേലാറ്റൂർ എൻ.കെ. വെള്ളോടിയുടെ മക്കളായ എ. ജയപ്രകാശ്, എ. ഇന്ദിര, മഞ്ചേരി എ.സി. പൊന്നുണ്ണി രാജയുടെ മകളുടെ മകൻ പി. മുരളീധരൻ, ചുങ്കത്തറ കെ. കുഞ്ഞികൃഷ്ണന്റെ മകൻ സ്റ്റാലിൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: കെ. ശങ്കരനാരായണൻ (ചെയ.), എം.പി. കൃഷ്ണകുമാർ (വൈസ് ചെയ.), സുരേഷ്‌ബാബു വാളക്കോട്ടിൽ (കോ-ഓർ.), എം. മുഹമ്മദാലി (ഖജാ.).