തിരൂർ : വാക്കേറ്റത്തെത്തുടർന്ന് യുവാവിനെ മദ്യക്കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെ അരിക്കാഞ്ചിറ കനോലി കനാലിനു സമീപത്ത് മുറിവഴിക്കൽ പൊന്തപ്പടി സ്വദേശി മൂപ്പിലക്കണ്ടി ഇസ്‌മയിലിന്റെ മകൻ ജൈസലിനെയാണ് (26) അരിക്കാഞ്ചിറ സ്വദേശി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജൈസൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ അരിക്കാഞ്ചിറ കോളനി സ്വദേശി പള്ളാത്ത് നൗഷാദിന്റെ (30) പേരിൽ പോലീസ് കേസെടുത്തു.

മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. കനോലി കനാലിനു സമീപം മദ്യപർ താവളമടിക്കുന്നതായി സമീപവാസികൾ പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു.