പരപ്പനങ്ങാടി : ചെട്ടിപ്പടി ലെവൽക്രോസ് അടയ്ക്കുന്നതിനിടെ വാഹനങ്ങൾ പാളത്തിലേക്ക് തിരക്കിക്കയറിയതിനിടെ കാറുകൾ കുടുങ്ങിയത് ഭീതിയുണ്ടാക്കി. റെയിൽവേ ഗേറ്റ്കീപ്പർ ലെവൽക്രോസ് അടച്ചുകൊണ്ടിരിക്കുമ്പോൾ മൂന്ന്‌ കാറുകൾ പാളങ്ങളിലേക്ക് കയറുകയും കുടുങ്ങുകയുമായിരുന്നു.

ബുധനാഴ്ച വൈകീട്ട് 5.45-ഓടെ ഷൊർണൂർ ഭാഗത്തേക്ക് തീവണ്ടി കടന്നുപോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് സംഭവം.

ഇതിനുമുൻപ്‌ ലെവൽ ക്രോസ് അടയ്ക്കുകയും തീവണ്ടി പോയശേഷം തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെ വീണ്ടും തീവണ്ടി എത്തുന്നൂവെന്ന അറിയിപ്പ് വന്നു.

വാഹനനിര കടന്നുപോകുന്നതിനിടെയാണ് അറിയിപ്പ് വന്നത്. അറിയിപ്പ് ലഭിച്ചതോടെ ഗേറ്റ്കീപ്പർ ബൂംബാർ താഴ്ത്തുകയായിരുന്നു. വാഹനങ്ങൾ പോയിത്തീരാത്തതുകാരണമാണ് കാറുകൾ ഗേറ്റുകൾക്കുള്ളിൽ അകപ്പെട്ടത്.

ദൂരെനിന്ന് തീവണ്ടി വരുന്നതുകണ്ട നാട്ടുകാരും യാത്രക്കാരും ബഹളംവെച്ചതോടെ ഗേറ്റ് പകുതി പൊക്കി ഉള്ളിൽ അകപ്പെട്ട വാഹനങ്ങളെ പുറത്തെത്തിച്ചു.