കരുളായി : കോവിഡ് കാലത്ത് നാടിന് കരുതലും കൈത്താങ്ങുമായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആർ.ആർ.ടി. അംഗങ്ങൾക്ക് കരുളായിയിൽ പ്രവർത്തിച്ചുവരുന്ന സി. അച്യുതമേനോൻ സ്മാരക സമിതി പെരുന്നാൾക്കിറ്റുകൾ വിതരണംചെയ്തു.

കരുളായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും 120-ഓളം വരുന്ന ആർ.ആർ.ടി. അംഗങ്ങൾക്കും മാലിന്യസംസ്കരണരംഗത്ത് മാതൃകാപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹരിതകർമ്മസേനയിലെ പത്ത് അംഗങ്ങൾക്കുമാണ് കിറ്റ് വിതരണംചെയ്തത്. കൊട്ടാരക്കാട്, പുള്ളിയിൽ, മൈലംപാറ, വാരിക്കൽ, എന്നിങ്ങനെ നാലു കേന്ദ്രങ്ങളിലാണ്‌ വിതരണംനടന്നത്. കൊട്ടാരക്കാട് നടന്ന പരിപാടി മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. സമിതി കൺവീനർ റഹ്‌മാൻ മുണ്ടോടൻ, അധ്യക്ഷത വഹിച്ചു. കെ. മനോജ്, ഫാത്തിമ സലീം, പി.കെ. ശ്രീകുമാർ, ശുഹൈബ് മൈലംപാറ, പഞ്ചായത്തംഗം ലീലാമ്മ വർഗീസ്, ഇയ്യാസ് പനോളി എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ഉമർഅലി, വിൽസൻ, സലൂജ, ജസീല, എന്നിവർ നേതൃത്വം നൽകി.

പാണ്ടിക്കാട് : പുതിക്കുന്നൻ കുടുംബം പെരുന്നാൾക്കിറ്റുകൾ വിതരണംചെയ്തു. കുറ്റിപ്പുളി, കിഴക്കേ പാണ്ടിക്കാട്, കൊളപ്പറമ്പ് മേഖലകളിലെ 150 കുടുംബങ്ങൾക്കാണ് പുതിക്കുന്നൻ ഫാമിലി അസോസിയേഷൻ പെരുന്നാൾക്കിറ്റുകൾ എത്തിച്ചുനൽകിയത്.

കൂട്ടായ്മ വൈസ് പ്രസിഡന്റ് ഹംസ പുതിക്കുന്നൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ നാസർ, നസീബ് ബാബു, അഫ്സൽ, അബ്ദുൽ കലാം, അക്‌ബർ, ഫിനാസ് എന്നിവർ നേതൃത്വം നൽകി.