തിരൂർ

: നഗരസഭയുടെ മീൻ മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും കാലുകുത്താനിടമില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമില്ല. കൂടാതെ വൃത്തിഹീനമായ അന്തരീക്ഷവും ദുർഗന്ധവും സഹിക്കുകയാണ് കച്ചവടക്കാരും വാങ്ങാനെത്തുന്നവരും.

കച്ചവടക്കാരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. മാർക്കറ്റ് വൃത്തിയാക്കാനും മീൻകച്ചവടക്കാർക്ക് കൈകഴുകാനുമുള്ള പൈപ്പിലെ ജലവിതരണം മൂന്നരവർഷംമുൻപ് നിലച്ചതാണ്. മാർക്കറ്റിനോടു ചേർന്നുള്ള അഴുക്കുചാലിലെ മാലിനജലം നീക്കിയിട്ട് മാസങ്ങളോളമായി. മാർക്കറ്റിനുള്ളിൽ കയറുന്ന കോണിപ്പടി തകർന്നുപോയിട്ടും കാലങ്ങളേറെയായി.

നഗരത്തിലെ ജനസംഖ്യാവർധനവിനനുസരിച്ചുള്ള മീൻ മാർക്കറ്റ് പണിയണമെന്ന ആവശ്യമുയർന്നിട്ട് ഏറെക്കാലമായിട്ടും നടപടിയില്ല. മാർക്കറ്റ് കോരങ്ങത്ത് ഭാഗത്തേക്കു മാറ്റാൻ നഗരസഭ ആലോചന നടത്തിയെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.

ഇവിടെ 40 മീൻ കച്ചവടക്കാരും 28 മീൻ മൊത്തവ്യാപാരികളുമുണ്ട്. കേരളത്തിലെ പ്രധാന മീൻ മൊത്തവ്യാപാരകേന്ദ്രമായ ഇവിടെ ലോറികൾ നിർത്താനുള്ള സൗകര്യവും കുറവാണ്. ഇതോടനുബന്ധിച്ചുതന്നെ 11 കോഴിയിറച്ചി വ്യാപാരകേന്ദ്രവും പോത്തിറച്ചിക്കടയുമുണ്ട്. മീൻ കച്ചവടക്കാർക്ക് മലമൂത്ര വിസർജനം നടത്താൻപോലും സൗകര്യമില്ല.

തൊട്ടടുത്തുതന്നെയുള്ള പച്ചക്കറി മാർക്കറ്റിലും സ്ഥലപരിമിതിയുണ്ട്. പഴകിയ കെട്ടിടത്തിലാണ് കച്ചവടം 18 പച്ചക്കറി മൊത്തവ്യാപാരികളുൾപ്പെടെ 35 കച്ചവടക്കാർ ഇവിടെയുണ്ട്. ഇതിനോടു ചേർന്നുതന്നെ പഴവർഗങ്ങൾ കച്ചവടംചെയ്യുന്ന കടകളുമുണ്ട് സ്ഥലസൗകര്യമില്ലാതെ കച്ചവടക്കാരും മാർക്കറ്റിലെത്തുന്നവരും പ്രയാസപ്പെടുകയാണ്.

മാർക്കറ്റുകൾ നഗരമധ്യത്തിൽനിന്ന് മറ്റൊരിടത്തേക്കു മാറ്റണമെന്ന് സ്ഥലം എം.എൽ.എ. കുറുക്കോളി മൊയ്തീൻ തന്നെ കഴിഞ്ഞദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

മാർക്കറ്റിൽ മീനും ഇറച്ചിയും പച്ചക്കറിയും വാങ്ങാനെത്തുന്നവർക്ക് ശരീരം വൃത്തികേടാകാതെയെങ്കിലും വാങ്ങാൻ കഴിയണം. കച്ചവടക്കാർക്കു മൂത്രമൊഴിക്കണമെങ്കിൽ ഹോട്ടലിലേക്ക്‌ ഓടേണ്ട അവസ്ഥയും മാറണം.