പരപ്പനങ്ങാടി : ചെട്ടിപ്പടി കുപ്പിവളവിൽ കിണറ്റിലെ വെള്ളം പെട്ടെന്ന് അപ്രത്യക്ഷമായത് പ്രദേശവാസികളെ അദ്‌ഭുതത്തിലാക്കി. തെങ്ങുകയറ്റത്തൊഴിലാളിയായ വലിയകണ്ടത്തിൽ ഗണപതിയുടെ വീട്ടിലെ കിണറ്റിലാണ് വെള്ളം കുറഞ്ഞതായി കണ്ടത്.

ബുധനാഴ്ച രാവിലെ വീട്ടുകാർ വെള്ളം കോരാനായി കിണറ്റിനരികിൽ എത്തിയപ്പോഴാണ് കിണറ്റിലെ വെള്ളം ആഴങ്ങളിലേക്ക് വലിഞ്ഞതായി കണ്ടത്. കഴിഞ്ഞദിവസം വരെ നിറഞ്ഞുനിന്നിരുന്ന കിണറ്റിലെ വെള്ളമാണ് ഒറ്റ രാത്രികൊണ്ട് ആഴത്തിലേക്ക് വറ്റിപ്പോയത്.

കുണ്ടൻപാടം-കീഴ്ചിറ പാടശേഖരങ്ങൾക്ക് തൊട്ടരികെയാണ് ഗണപതിയുടെ വീട്. ചുറ്റുപാടും പാടത്തും കുളങ്ങളിലും കനത്ത മഴയിൽ വെള്ളം നിറഞ്ഞുതന്നെയാണ് ഇപ്പോഴുമുള്ളത്. കിണർ എപ്പോഴും വെള്ളം നിറഞ്ഞ അവസ്ഥയിലാണ് കാണാറുള്ളതെന്നും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ അറിഞ്ഞില്ലെന്നും ഗണപതിയുടെ ഭാര്യ സജിത പറഞ്ഞു. പൊടുന്നനെ വെള്ളം കുറഞ്ഞതോടെ കിണർ കാണാൻ നാട്ടുകാരും ജനപ്രതിനിധികളുമെത്തി.