കൊണ്ടോട്ടി : കുടിവെള്ളവിതരണത്തിനുള്ള കുഴൽ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തത് നഗരസഭയുടെ റോഡ് നവീകരണ പദ്ധതികളെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തികവർഷം അവസാനിക്കാറായിട്ടും അമ്പതോളം റോഡുകളുടെ നവീകരണമാണ് മുടങ്ങിക്കിടക്കുന്നത്.
കിഫ്ബിയിലൂടെ 108 കോടി ചെലവിട്ട് നഗരസഭയിൽ ചീക്കോട് പദ്ധതിയിൽനിന്നുള്ള കുടിവെള്ള വിതരണത്തിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ റോഡുകൾ കീറി കുഴലുകൾ സ്ഥാപിച്ചുവരികയാണ്. പല റോഡുകളിലും പണി തുടങ്ങിയിട്ടില്ല. ഈ റോഡുകളുടെയടക്കം നവീകരണത്തിന് നഗരസഭ വാർഷികപദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്. ചില പദ്ധതികൾ ടെൻഡർ നൽകിയിട്ടുമുണ്ട്.
കുഴൽ സ്ഥാപിക്കുന്നത് പൂർത്തിയാകാതെ റോഡ് നവീകരണം നടത്താൻ കഴിയില്ല. മാർച്ചിനു മുൻപ് റോഡ് നവീകരിച്ചില്ലെങ്കിൽ നഗരസഭയുടെ തുക നഷ്ടപ്പെടുകയും ചെയ്യും.
കുഴൽ സ്ഥാപിക്കുന്നത് നിലവിലെ വേഗത്തിൽ പുരോഗമിച്ചാൽ മാർച്ചിനു മുൻപ് പൂർത്തിയാകില്ല. കുഴൽ സ്ഥാപിച്ച റോഡുകളിൽ ടാറിങ് നടത്തിയാൽ റോഡ് വളരെ വേഗം തകരാനും സാധ്യതയുണ്ട്.
ഫലത്തിൽ റോഡ് നവീകരണം നഗരസഭയ്ക്ക് കീറാമുട്ടിയായിരിക്കുകയാണ്. എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.