ചെറുതുരുത്തി : കേരള കലാമണ്ഡലം വിദ്യാർഥികളുടെ ഡിഗ്രി പ്രവേശനത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധക്കൂട്ടായ്‌മയ്ക്കായി എത്തി നൃത്തം അവതരിപ്പിച്ച വിദ്യാർഥിനി തളർന്നുവീണു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലാമണ്ഡലത്തിലെ പ്ളാറ്റിനം ജൂബിലി കവാടത്തിനു മുന്നിൽ നടന്ന പ്രതിഷേധസംഗമത്തിലാണ് വിദ്യാർഥിനികൾ മോഹിനിയാട്ടത്തിലെ ചൊൽക്കൊട്ട്് അവതരിപ്പിച്ചത്.
സംസ്ഥാനപാതയ്ക്ക് അരികിൽ കനത്ത വെയിൽ താങ്ങാനാകാതെ മഞ്ചേരിയിൽനിന്നു വന്ന ഉമാബാബുവാണ് തലചുറ്റൽ അനുഭവപ്പെട്ട് തളർന്നുവീണത്.
തുടർന്ന് ഈ കുട്ടിയെ വാഹനത്തിലേക്കു മാറ്റി പ്രഥമശുശ്രൂഷ നൽകി. മറ്റ് വിദ്യാർഥിനികൾ തുടർന്നും വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. നടപടികളുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ എന്തു സഹിച്ചാണെങ്കിലും അനിശ്ചിതകാലസമരം ആരംഭിക്കാനാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം.