പെരിന്തൽമണ്ണ : കോവിഡ് രണ്ടാംതരംഗം ശക്തമാകുന്നതിനിടെ നിയന്ത്രണങ്ങൾ പാലിക്കാതെ അതിഥിത്തൊഴിലാളികൾ കൂട്ടമായെത്തുന്നത് ഭീഷണി ഉയർത്തുന്നു.

നഗരമധ്യത്തിലെ നഗരസഭാ ആധുനിക വ്യാപാരസമുച്ചയ പരിസരത്താണ് തൊഴിലാളികൾ കൂട്ടമായെത്തുന്നത്. രാവിലെ തൊഴിലന്വേഷിച്ചും വൈകീട്ട് പണികഴിഞ്ഞും നൂറുകണക്കിനാളുകൾ ഇവിടെ വരുന്നു.

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളില്ലാതെയുമാണ് മിക്കവരും ഇവിടെ നിൽക്കുന്നത്.

താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വേണ്ടത്ര സുരക്ഷാ മുൻകരുതലില്ലാതെ കഴിയുന്ന ഇവർ കൂട്ടമായെത്തുന്നത് കോവിഡ് വ്യാപന ഭീഷണിയുമേറ്റുന്നു.

പോലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ രോഗവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് തൊഴിലാളികൾ കൂട്ടമായെത്തുന്നത്.