നിലമ്പൂർ : നിലമ്പൂരിലെ കാട്ടുവിഭവങ്ങൾ ചേർത്തുള്ള ശീതളപാനീയങ്ങൾ ഇനി ബ്രാൻഡായി വിപണിയിലേക്കെത്തും. മെയ് 20 തേനീച്ച ദിനത്തിലാണ് ജേൻ ഉറക് എന്ന പേരിൽ കാട്ടുതേൻ വിപണിയിലെത്തുക. നിലമ്പൂർ തേക്ക് മ്യൂസിയത്തിനുസമീപം പുതിയ സ്ഥാപനവും തുറക്കും. ഹണി കോള എന്ന പേരിൽ ശീതളപാനീയം മേയ് അവസാനത്തോടെ പുറത്തിറങ്ങും.

സംസ്ഥാനത്ത് ആദ്യമായാണ് കാട്ടുതേൻ ബ്രാൻഡ് പേരിലെത്തുന്നത്. കാട്ടുനായ്ക്ക ഭാഷയിൽ ജേൻ എന്നാൽ തേൻ. ഉറക് എന്നാൽ അറനാടൻ ഭാഷയിൽ ഉറവ. ജേൻ ഉറക് എന്നാൽ തേൻ ഉറവ. നിലമ്പൂർ, ചാലിയാർ, പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്ക, മുതുവാൻ വിഭാഗത്തിൽപ്പെട്ട പതിനാലോളം ആദിവാസി കോളനികളിലെ കുടുംബങ്ങളുടെ ഊരുകൂട്ടങ്ങൾ ചേർന്ന് രൂപവത്കരിച്ച തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന സംരംഭ ഗ്രൂപ്പിന്റെ കീഴിലാണ് പരീക്ഷണം.

കാട്ടുനായ്ക്ക ഭാഷയിൽ തൊടുവെ എന്നാൽ മൺപുറ്റുകളിൽനിന്ന് എടുക്കുന്ന കാട്ടുതേൻ എന്നാണർഥം. കോവിഡ് കാല പ്രതിസന്ധിയാണ് പുതിയ ആശയത്തിന് പ്രചോദനം.