നിലമ്പൂർ : രോഗികളുടെ എണ്ണം കൂടിയതോടെ വീട്ടിക്കുത്ത് റോഡിലെ ബി.എം. ആശുപത്രിയെ കോവിഡ് ചികിത്സാകേന്ദ്രമാക്കി . നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, കക്കാടൻ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കോവിഡ് രോഗികൾക്കായി 50 കിടയ്ക്കകൾ ഉൾപ്പെടെ സജ്ജമാക്കി. വെളിയംതോട് ഐ.ജി.എം.എം.ആർ. സ്കൂളിലെ കോവിഡ് കേന്ദ്രം പൂട്ടിയതിനാൽ ചികിത്സ നൽകാൻ നിലമ്പൂർ മേഖലയിൽ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് നഗരസഭ കോവിഡ് സെന്ററായി സ്വകാര്യ ആശുപത്രി തിരഞ്ഞെടുത്തത്. ഇവിടുത്തെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും സേവനം ഉറപ്പുവരുത്തും. കോവിഡ് നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു നേരിട്ടെത്തി ആവശ്യമായ നിർദേശങ്ങൾ നൽകും.

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ കൂടുകയും നിലമ്പൂർ ജില്ലാ ആശുപത്രി ഐസലേഷൻ വാർഡിൽ ഉൾപ്പെടെ കോവിഡ് രോഗികളെ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ.

വരുംദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായാൽ നിലമ്പൂർ വെളിയംതോടുള്ള ഗവ. ഐ.ടി.ഐ. ഹോസ്റ്റലും കോവിഡ് ചികിത്സാകേന്ദ്രമാക്കും.

നഗരസഭാധ്യക്ഷൻ മട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നഗരസഭാംഗങ്ങളായ കക്കാടൻ റഹീം, പി.എം. ബഷീർ, സ്കറിയ ക്‌നാംതോപ്പിൽ, പി. ശബിരീശൻ, നഗരസഭാ സെക്രട്ടറി ജി. ലാൽജി തുടങ്ങിയവർ ആശുപത്രി സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ 12 മുതൽ 16 വരെ നിലമ്പൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ക്യാമ്പുകളിലൂടെ 45 വയസ്സിനു മുകളിലുള്ള 4000-ത്തോളം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ നഗരസഭയ്ക്ക് കഴിഞ്ഞു. ഇനിയും പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി കുത്തിവെപ്പ് സ്വീകരിക്കാൻ സൗകര്യമുണ്ടെന്നും നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ പറഞ്ഞു.