തിരൂരങ്ങാടി : താലൂക്ക് ആശുപത്രി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ഒ.പി. പ്രവർത്തനം കാര്യക്ഷമമാക്കാനും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു.

ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ പേരുകൾ കൃത്യമായി പ്രദർശിപ്പിക്കും. എക്‌സ്‌റേ, ഇ.സി.ജി., ലാബ്, ജനന സർട്ടിഫിക്കറ്റ്, മൈനർ-മേജർ ഓപ്പറേഷൻ തുടങ്ങിയ സംവിധാനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഫീസുകൾ കാലോചിതമായി പരിഷ്‌കരിക്കാനും തീരുമാനിച്ചു. രണ്ട് ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് ഒരു യൂണിറ്റായി പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനം വേഗത്തിൽ പൂർത്തിയാക്കും.

എച്ച്.എം.സി.യുടെ വരുമാനം കുറയുകയും ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചെലവുകൾക്ക് പ്രയാസം നേരിടുന്നതിനാലും സന്ദർശക പാസ് പുനരാരംഭിക്കാനും തീരുമാനിച്ചു.

യോഗത്തിൽ നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സി.പി. സുഹ്റാബി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി.പി. ഇസ്മായിൽ, ആശുപത്രി സൂപ്രണ്ട് ഡോ. നസീമ, ഹാഫിസ് റഹ്‌മാൻ, സുനിന്ദ്, കക്കടവത്ത് അഹമ്മദ് കുട്ടി, പി.കെ. അബ്ദുൽ അസീസ്, അരിമ്പ്ര മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.