ഷനീബ് മൂഴിക്കൽ

തിരൂരങ്ങാടി

: ജീവനക്കാരുടെ കുറവും ഓഫീസിലെ സ്ഥലപരിമിതിയുമാണ് ഇപ്പോൾ തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നത്. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് വില്ലേജ് ഓഫീസിനെ സമീപിച്ചാൽ പെ​െട്ടന്നൊന്നും കാര്യങ്ങൾ നടന്നുകിട്ടില്ല.

ജനസംഖ്യാനുപാതികമായി വില്ലേജ് വിഭജനം നടത്തണമെന്ന വർഷങ്ങളായുള്ള ആവശ്യം തിരൂരങ്ങാടിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല. തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്ത് നഗരസഭയായി ഉയർന്നെങ്കിലും വില്ലേജ് വിഭജനം സാധ്യമായിട്ടില്ല. ഇവിടെയുണ്ടായിരുന്ന വില്ലേജ് ഓഫീസർ ദിവസങ്ങൾക്കുമുൻപ് സ്ഥലംമാറിപ്പോയിരുന്നു. പകരം വില്ലേജ് ഓഫീസർ എത്തിയിട്ടുമില്ല. വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണമടക്കം തിരൂരങ്ങാടിയിൽ താളംതെറ്റിയിരുന്നു. രക്ഷിതാക്കളും വിദ്യാർഥികളും പതലതവണ വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടായതും പരാതികൾക്കിടയാക്കിയിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് യഥാസമയം വിവരങ്ങൾ ലഭിക്കുന്നതിനും സേവനം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും നടപടികളുണ്ടാകാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. തിരക്കേറിയ ചെമ്മാട് അങ്ങാടിയിലെ ബ്ലോക്ക് റോഡ് ജങ്ഷനിൽ റോഡരികിലുള്ള വില്ലേജ് ഓഫീസ്‌ കെട്ടിടം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നതാണ്. ഓഫീസിലെത്തുന്നവർ യാതൊരു സുരക്ഷാമാർഗങ്ങളുമില്ലാതെ റോഡരികിൽ കെട്ടിടത്തിനുപുറത്ത് വരിനിൽക്കേണ്ട സ്ഥിതിയാണുള്ളത്. റോഡരികിൽനിന്നു മാറ്റി സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് ഓഫീസ് മാറ്റിസ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തിരൂരങ്ങാടി വില്ലേജ് വിഭജിച്ച് പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭിക്കുന്നതിന് നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ വില്ലേജ് ഓഫീസർ അടുത്തദിവസംതന്നെ ചുമതലയേൽക്കുമെന്നാണ് താലൂക്ക് അധികൃതർ നൽകുന്ന വിശദീകരണം.