പുളിക്കൽ : ചെറുകാവിലെ പെരിങ്ങാവ് പാടശേഖരത്തിൽ കനത്ത കൃഷിനാശം. കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയിൽ പെരിങ്ങാവ് പാടശേഖരത്തിലെ 20 ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലായി. കൊയ്യാൻപാകമായ നെല്ലാണ് വെള്ളത്തിലും ചെളിയിലും മുങ്ങിക്കിടക്കുന്നത്.

ചെറുകാവ് കൃഷിഭവനുകീഴിലെ പ്രധാന കൃഷിയിടങ്ങളിൽ ഒന്നായ പെരിങ്ങാവ് പാടശേഖരത്തിലെ കർഷകർക്ക് ദുരിതങ്ങൾ വിതച്ചുകൊണ്ടായിരുന്നു മഴ. മണിക്കൂറുകളോളംപെയ്ത മഴയിൽ വയലുകളിൽ എല്ലാം മഴവെള്ളം നിറഞ്ഞുകവിഞ്ഞു. ഇതോടെ വിളഞ്ഞുപാകമായ നെൽക്കതിരുകളെല്ലാം വെള്ളത്തിൽ മുങ്ങി. കാലംതെറ്റിയ മഴ കർഷകരുടെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്. വിളഞ്ഞ നെൽക്കതിരുകൾ എല്ലാം ചെളിയിലും വെള്ളത്തിലും അകപ്പെട്ടിരിക്കുന്നതിനാൽ യന്ത്രക്കൊയ്ത്ത് ഇവിടെ ഇനി സാധ്യമല്ല. വൈക്കോലാകട്ടെ വെള്ളത്തിൽ ചീഞ്ഞഴുകും. വെള്ളത്തിൽ മുങ്ങിയതോടെ പാകമായ നെല്ല് മുളയ്ക്കുവാൻ തുടങ്ങുകയും വൈക്കോൽ നശിക്കുകയുംചെയ്യും.

ഉയർന്ന കൂലിച്ചെലവും കൊയ്യാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും ഇവിടെയുണ്ട്. ബംഗാളിൽനിന്നുള്ള തൊഴിലാളികളായിരുന്നു ഞാറ് നടുന്നതിനും മറ്റും ഇവിടെ ഉണ്ടായിരുന്നത്. അവർ ബംഗാളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാട്ടിലേക്കു മടങ്ങി. ശേഷിച്ചവർക്ക് അമിതകൂലിയും നൽകണം. ഒരാൾക്ക് എണ്ണൂറ് രൂപയിലധികം കൂലിനൽകിയാൽ മാത്രമേ കൊയ്ത്തിന് പണിക്കാരെ ലഭിക്കൂ. കൊടുംമഴ ദുരിതം വിതച്ചതിനുപുറമെ പാടശേഖരത്തിൽ ശേഷിച്ച നെല്ല് എങ്ങനെ കൊയ്തെടുക്കുമെന്ന ആലോചനയിലാണ് ഇപ്പോൾ കർഷകർ.

മിക്ക കർഷകരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. വായ്പാ തിരിച്ചടവിനായി മറ്റു വല്ല മാർഗങ്ങളും കണ്ടെത്തേണ്ടിവരുമെന്നും കർഷകർ പറയുന്നു. നഷ്ടപരിഹാരം തേടി കർഷകർ കൃഷിവകുപ്പിനെ സമീപിച്ചു.ചെറുകാവ് കൃഷി ഓഫീസർ റുബീന, അസിസ്റ്റൻറുമാരായ കെ. വിജയകൃഷ്ണൻ, വിംസി എന്നിവർ പാടശേഖരം സന്ദർശിച്ചു.