പരപ്പനങ്ങാടി : പരപ്പനങ്ങാടി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പരപ്പനങ്ങാടി റെസ്റ്റ്‌ ഹൗസിന്റെയും കോടതിയുടെയും ഇടയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അന്നത്തെ എം.എൽ.എ. പി.കെ. അബ്ദുറബ്ബാണ് സ്റ്റേഡിയത്തിനു തറക്കല്ലിട്ടത്. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 2.32 കോടി രൂപ ചെലവിലാണ് നിർമാണം.

32 മീറ്റർ നീളവും 26 മീറ്റർ വീതിയുമാണുണ്ടാകുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെന്നീസ് കോർട്ട്, രണ്ട് ബാസ്‌കറ്റ്ബോൾ കോർട്ട്, നാല് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, ജിംനേഷ്യം, മറ്റു ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ, 300 പേർക്ക് ഇരിക്കാവുന്ന ഗാലറി, വി.ഐ.പി. പാർട്ടീഷൻ, ശൗചാലയം ബ്ലോക്ക് എന്നിവയുണ്ടായിരിക്കും.

കഴിഞ്ഞദിവസം കെ.പി.എ. മജീദ് എം.എൽ.എ. ഇവിടം സന്ദർശിച്ച് അവലോകനം നടത്തി. പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്‌മാൻ, ഉമ്മർ ഒട്ടുമ്മൽ, കുട്ടിക്കമ്മു നഹ, പി. അലി അക്ബർ, അലിഹസ്സൻ തുടങ്ങിയവർ അനുഗമിച്ചു.