പെരിന്തൽമണ്ണ : കാടുവെട്ടുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടിത്തെറിച്ച് തലയിലേക്ക് ആഴ്‌ന്നിറങ്ങിയ യുവാവിന് പ്രതീക്ഷയേകി വിദഗ്ധചികിത്സ. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് പനോളി വീട്ടിൽ നജുമുദ്ദീൻ (32) ആണ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ 28-നാണ് മാമ്പുഴയിൽ കാടുവെട്ടുന്നതിനിടെ അപകടമുണ്ടായത്. ബ്ലേഡ് കല്ലിൽതട്ടി പൊട്ടിത്തെറിച്ച് തലയിലേക്കു കയറി. തുളച്ചുകയറിയ ബ്ലേഡോടെയാണ് ഗുരുതരാവസ്ഥയിൽ നജ്മുദ്ദീനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സമുണ്ടായതോടെ വെന്റിലേറ്ററിലേക്കു മാറ്റി. സ്‌കാനിങ്ങിൽ 14 സെ.മീ. നീളവും ഏഴു സെന്റീമീറ്റർ വീതിയുമുള്ള ബ്ലേഡിന്റെ മുൻഭാഗം എട്ടു സെന്റിമീറ്ററോളം തലയുടെ അകത്തേക്കു കയറിയതായി കണ്ടെത്തി. തലയുടെ ഇടതുഭാഗത്തെ തലച്ചോറിനെ രണ്ടായി വിഭജിച്ച് ഉൾഭാഗത്തേക്കിറങ്ങിയ നിലയിലാണ്. ചീഫ് ന്യൂറോ സർജൻ ഡോ. ജ്ഞാനദാസിന്റെ നേതൃത്വത്തിൽ അടിയന്തരശസ്ത്രക്രിയ നടത്തി.

11 ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസനം നിലനിർത്തിയ നജുമുദ്ദീന് 16-ാം ദിവസം ബോധം തെളിഞ്ഞു. എങ്കിലും ശരിയാംവിധം കാര്യങ്ങൾ മനസ്സിലാക്കാൻ സമയമെടുക്കുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

ഐ.സി.യു.വിൽ തുടരുന്ന രോഗിക്ക് തുടർചികിത്സയിലൂടെയും ഫിസിയോ തെറാപ്പിയിലൂടെയും ചലനശേഷിയും ആരോഗ്യവും തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ജ്ഞാനദാസ് പറഞ്ഞു. ഡോ. അർഷാദ്, ഡോ. ശശിധരൻ, ഡോ. സുധാകർ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകി.