വേങ്ങര : കാലിവളർത്തൽ ലാഭകരമല്ലാതായ സാഹചര്യത്തിലാണ് ചേറൂർ മുതുവിൽകുണ്ട് കരുമ്പിൽ ഇസ്മായിൽ അസോളകൃഷിയിൽ ശ്രദ്ധ ചെലുത്തിത്തുടങ്ങിയത്. കാലിത്തീറ്റയ്ക്കുള്ള വിലവർധനയെത്തുടർന്നാണ്‌ അസോളകൃഷിയിൽ ഒരു കൈനോക്കാൻ ഈ ക്ഷീരകർഷകൻ തുനിഞ്ഞിറങ്ങിയത്. ഇപ്പോൾ അസോള വളർത്തിയെടുത്ത് കാലികൾക്ക് നൽകിയാണ് ഇസ്മായിൽ കാലിത്തീറ്റ വിലവർധനവിന് പരിഹാരംകാണുന്നത്.

30 ശതമാനത്തിലധികം പ്രോട്ടീൻ സമ്പുഷ്ടമായ അസോള കാലികൾക്ക് മികച്ച പോഷകാഹാരമാണ്. 20 ശതമാനം വരെ തീറ്റച്ചെലവ് കുറയ്ക്കുന്നതിനും പാലുത്പാദനം വർധിപ്പിക്കുന്നതിനും കഴിയുമെന്ന് ഇസ്മായിൽ പറഞ്ഞു.

ചേറൂർ മഞ്ഞേങ്ങരയിൽ സ്വന്തമായുള്ള ഒരേക്കറിലും തൊട്ടുടുത്തുതന്നെ പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമാണ് കൃഷിചെയ്യുന്നത്.

ആറ്ു പശുക്കൾ, 18 ആടുകൾ, കോഴി, അരയന്നം, താറാവ് എന്നിവയാണ് ഇസ്മായിലിന്റെ കൃഷിയിടത്തിലുള്ളത്. ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് ഇപ്പോൾ 25 രൂപയാണ് വില. 2018-ൽ വില 19 രൂപയായിരുന്നു. മൂന്നുവർഷം കൊണ്ട് വില ആറു രൂപ വരെ കൂടിയപ്പോൾ വെറും മൂന്നുരൂപ മാത്രമാണ് പാൽവിലയിൽ വർധന ഉണ്ടായത്. ഒമ്പത് അടി വീതിയും 15 അടി നീളവുമുള്ള 10 കുഴികളിലാണ് അസോള വളർത്തുന്നത്.

രണ്ടുമാസം മുമ്പാണ് അസോള കൃഷിചെയ്യാൻ ആരംഭിച്ചത്. കൃഷിയിൽ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ വിളവെടുക്കൽ ആരംഭിച്ചു.

ഒരു കുഴിയിൽനിന്ന് ദിനംപ്രതി രണ്ടര കിലോയോളമായി 25 കിലോ അസോള ലഭിക്കുന്നുണ്ട് ഇസ്മായിലിന്. പുതിയ ചുവടുമാറ്റത്തിൽ ലാഭത്തിന് പുറമേ ഏറെ സംതൃപ്തിയും ലഭിക്കുന്നുണ്ടെന്ന് ഇസ്മായിൽ പറഞ്ഞു.