എടപ്പാൾ : സി.ബി.എസ്.ഇ.യുടെയും സർവകലാശാലകളുടെയും പി.എസ്.സി.യുടെയും പരീക്ഷകളെല്ലാം മാറ്റിയിട്ടും എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ മാത്രം മാറ്റമില്ലാതെ തുടരാനുള്ള തീരുമാനം ഒരുവിഭാഗം രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു.

കേരള, കാലിക്കറ്റ്, എം.ജി. അടക്കമുള്ള എല്ലാ സർവകലാശാലകളും ജെ.ഇ.ഇ.മെയിൻ പരീക്ഷയുമെല്ലാം കോവിഡ് ഭീതിയിൽ മാറ്റി. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി സ്‌കൂളൂകൾ കോവിഡ് നിയന്ത്രണമിളവു വരുത്തിയ നാൾമുതൽ പ്രവർത്തിച്ചുവരുന്നുണ്ട്.

നിബന്ധനകൾ പാലിച്ചാണ് പ്രവർത്തനമെങ്കിലും നിരവധി കുട്ടികൾ പൊതുഗതാഗത സൗകര്യമുപയോഗിച്ചാണ് വിദ്യാലയത്തിലെത്തുന്നത്.

സ്‌കൂളിൽ എത്രയൊക്കെ നിയന്ത്രണമുണ്ടായാലും ബസുകളിലും വാഹനങ്ങളിലും ഒരു നിയന്ത്രണവുമില്ലാത്ത രീതിയിലായിരുന്നു ഇത്രയും നാൾ യാത്രക്കാരെ കയറ്റിയിരുന്നത്. അവരുടെ സാമ്പത്തിക പ്രയാസമാണ് ഇതിന് കാരണം.

ബസുകളിൽ ഏതൊക്കെയോ ആളുകൾക്കൊപ്പം യാത്രചെയ്‌തെത്തുന്ന കുട്ടികൾ ഒരുമിച്ച് കൂടുമ്പോഴുണ്ടാകുന്ന സ്ഥിതി ആശങ്കാജനകമാണ്.

ഹയർ സെക്കൻഡറി പരീക്ഷ രണ്ടുദിവസം കൂടിയാണുള്ളതെങ്കിലും പ്രാക്ടിക്കൽ പരീക്ഷകൾ ഇനിയുമുണ്ട്.

ലാബുകളിൽ പലരുമുപയോഗിക്കുന്ന ഉപകരണങ്ങളെല്ലാമുപയോഗിച്ചാണ് ഈ പരീക്ഷ നടക്കുക. അതേസമയം പരീക്ഷ നടത്തിതീർക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുള്ള അധ്യാപകരും രക്ഷിതാക്കളുമുണ്ട്.