എടപ്പാൾ : വർഷങ്ങളുടെ കാത്തിരിപ്പ് വെറുതെയായെങ്കിലും എടപ്പാളിലെ അടഞ്ഞുകിടന്ന മാതൃശിശുകേന്ദ്രം ഇപ്പോൾ ആശുപത്രിക്കും ജനങ്ങൾക്കും അനുഗ്രഹമായി. ഇവിടെ കോവിഡ് പ്രതിരോധ കുത്തിവെപ്പാരംഭിച്ചു. നൂറുകണക്കിനാളുകൾക്ക് സൗകര്യപ്രദമായി കുത്തിവെപ്പെടുത്തുപോകാനും വിശ്രമിക്കാനുമുള്ള കേന്ദ്രമായി ഇത് മാറി. നാലുവർഷംമുൻപ് മന്ത്രി കെ.ടി. ജലീലിന്റെ ഫണ്ടുപയോഗിച്ചാണ് ഒരു കോടിയിൽപ്പരം രൂപ ചെലവഴിച്ച് ഇവിടെ മാതൃശിശുകേന്ദ്രം പണിതത്.

24 മണിക്കൂറും സ്ത്രീകൾക്കും കുട്ടികൾക്കുമാവശ്യമായ ചികിത്സ ലഭ്യമാക്കാനും നല്ലൊരു ഡലിവറി പോയന്റാക്കി മാറ്റാനുമായിരുന്നു പദ്ധതി. എന്നാൽ സാങ്കേതികതടസ്സങ്ങളും ഗൈനക്കോളജിസ്റ്റുമാരെ നിയമിക്കാത്തതുമൊക്കെയായി ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും കേന്ദ്രം ജനങ്ങൾക്ക് ഉപകാരപ്രദമായില്ല. ഇതിനെതിരേ സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാമുയർന്നപ്പോൾ കഴിഞ്ഞ വർഷാവസാനം തുറക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല.

ഇതിനിടയിലാണ് കോവിഡും അനുബന്ധ പ്രശ്‌നങ്ങളുമുണ്ടായത്. ഇപ്പോൾ കുത്തിവെപ്പാരംഭിച്ചതോടെ പ്രതിദിനം 200 പേർക്കാണ് ഇവിടെ കുത്തിവെപ്പ്‌ നൽകുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കി ആശുപത്രി അധികാരികൾ കേന്ദ്രത്തെ പ്രവർത്തനസജ്ജമാക്കിയത് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്.