നിലമ്പൂർ : നിലമ്പൂർ ജില്ലാ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘം ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. ശനിയാഴ്ച ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി(എച്ച്.എം.സി.) യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിലമ്പൂർ ജില്ലാ ആശുപത്രിയുടെ സമഗ്ര വിസകനം ലക്ഷ്യമാക്കിയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായി ചർച്ച നടത്തുക.

2016-ൽ താലൂക്ക് ആശുപത്രി മാറ്റി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും താലൂക്ക് ആശുപത്രിക്കും താഴെയാണ്. താലൂക്ക് ആശുപത്രിക്ക് അനുവദിക്കുന്നത് 200 കിടക്കകളാണ്. എന്നാൽ, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിലവിൽ 142 കിടക്കകളാണുള്ളത്. ഇപ്പോൾ അതിൽ അറുപതെണ്ണം കോവിഡ് രോഗികൾക്കായി മാറ്റിവെച്ചിരിക്കുകയുമാണ്. ജീവനക്കാരുടെ കുറവും ജില്ലാ അശുപത്രിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വികസനപ്രശ്നങ്ങൾ സംബന്ധിച്ച് എച്ച്.എം.സി. അംഗം പി.ടി. ഉമ്മർ അവതരിപ്പിച്ച പ്രമേയത്തെത്തുടർന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജുമായി ചർച്ച നടത്താൻ എച്ച്.എം.സി. തീരുമാനിച്ചത്.

ജില്ലാ പഞ്ചായത്തംഗങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും ആരോഗ്യവകുപ്പ് ജീവനക്കാരും ഉൾപ്പെടുന്ന സംഘം മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.

നിലമ്പൂർ നഗരസഭ ഗവ. മോഡൽ യു.പി. സ്കൂളിന്റെ സ്ഥലം വിട്ടുനൽകിയാൽ ജില്ലാ ആശുപത്രി വികസനത്തിന് കെട്ടിടസൗകര്യം ഉൾപ്പെടെ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം പറഞ്ഞു.

അതേസമയം കോവിഡ് സാഹചര്യത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സർക്കാർ നിർദ്ദേശപ്രകാരം നിർത്തിവെച്ച ഓപ്പറേഷൻ തിങ്കളാഴ്ച മുതൽ ഭാഗികമായി പുനഃസ്ഥാപിക്കും. നിലവിൽ പ്രസവസംബന്ധമായ ഓപ്പറേഷൻ മാത്രമാണ് ഇവിടെ നടക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട ഓപ്പറേഷനുകൾ മാത്രമാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നതെന്ന് ലേ-സെക്രട്ടറി വിജയകുമാർ പറഞ്ഞു. ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടിയുള്ളതിനാലാണ് ഓപ്പറേഷൻ മുടങ്ങിയത്. ബദൽ സംവിധാനം ഒരുക്കിയിരുന്നുമില്ല. കോവിഡ് സാഹചര്യം മാറിയാൽ മാത്രമേ നിലവിലെ ജീവനക്കാരുമായി ഓപ്പറേഷനടക്കമുള്ള സേവനങ്ങൾ പൂർവസ്ഥിതിയാലാക്കാൻ സാധ്യമാകൂവെന്നും ലേ-സെക്രട്ടറി പറഞ്ഞു.

മരുന്നുവാങ്ങാൻ ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഇസാമായിൽ മൂത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ.എ. കരീം, സെറീന ഹസീബ്, നസീബ അസീസ്, അംഗങ്ങളായ അഡ്വ. ഷെറോണ റോയി, കെ.ടി. അജ്മൽ, എച്ച്.എം.സി. അംഗങ്ങളായ പി.ടി. ഉമ്മർ, എ. ഗോപിനാഥ്, ബിജു കനകക്കുന്നേൽ എന്നിവർ സംസാരിച്ചു.