കൊണ്ടോട്ടി : പള്ളിക്കൽ മാതാംകുളത്ത് ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്ന്‌ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

തിങ്കളാഴ്ച മൂന്നോടെ മാതാംകുളത്ത് കുട്ടികളുടെ കുടുംബം താമസിക്കുന്ന വാടകവീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പിതാവ് അബൂബക്കർ സിദ്ദിഖ്, മാതൃപിതാവ് മുഹമ്മദ്കുട്ടി എന്നിവരുമായി മന്ത്രി സംസാരിച്ചു. ജില്ലാകളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രാദേശിക ജനപ്രതിനിധികളും തദ്ദേശഭരണ ജീവനക്കാരും മന്ത്രിയോടൊപ്പം എത്തിയിരുന്നു. കഴിഞ്ഞ 12-ന് പുലർച്ചെ അഞ്ചോടെയുണ്ടായ അപകടത്തിൽ കാടപ്പടി വരിച്ചാൽ ചോളാഞ്ചേരി അബൂബക്കർ സിദ്ദിഖിന്റെയും സുമയ്യയുടെയും മക്കളായ ദിയാന ഫാത്തിമ (ഏഴ്), ലുബാന ഫാത്തിമ (ആറു മാസം) എന്നിവരാണ് മരിച്ചത്.