കൊണ്ടോട്ടി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ മീൻ മൊത്തച്ചന്തയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാപാരികളുടെ അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. ഇതരസംസ്ഥാനത്തുനിന്നുള്ള വാഹനങ്ങളുടെ എണ്ണത്തിൽ കുറവു വരുത്തുന്നതിനും അന്തർസംസ്ഥാന യാത്രകൾ നടത്തുന്ന ജീവനക്കാർക്ക് പ്രത്യേകം രജിസ്റ്ററുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു.‌

താമസ സൗകര്യങ്ങൾ, ശുചീകരണസംവിധാനങ്ങൾ, വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിങ് എന്നിവ ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡം പാലിക്കാത്ത വ്യാപാരികളെയും തൊഴിലാളികളെയും കണ്ടെത്തി പിഴ ഈടാക്കുന്നതിനും കേസ് രജിസ്റ്റർചെയ്യുന്നതിനും തീരുമാനിച്ചു. ദിവസേന ആയിരത്തിലേറെയാളുകൾ നേരിട്ട് ബന്ധപ്പെടുന്നയിടമാണ് കൊണ്ടോട്ടി മീൻചന്ത. തെക്കെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽനിന്നും മീനുമായി വാഹനങ്ങൾ ചന്തയിലെത്തുന്നുണ്ട്.

അഞ്ഞൂറിലേറെ തൊഴിലാളികൾ മീൻചന്തയിൽ ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ ജൂലായിൽ മീൻചന്ത കേന്ദ്രീകരിച്ച് കോവിഡ് വ്യാപിച്ചിരുന്നു. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമെല്ലാം കോവിഡ് പടർന്നതോടെ ക്ലസ്റ്ററായി മാറിയിരുന്നു.

യോഗത്തിൽ നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്‌ സുഹ്‌റാബി, മിനിമോൾ, അഷ്‌റഫ് മടാൻ, എ. മുഹ്‌യുദീൻഅലി, കെ.പി. ഫിറോസ്, ടി. അനുപമ, ഇൻസ്പെക്ടർ ചന്ദ്രമോഹൻ, മുഹമ്മദ് ഹനീഫ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.