ഓമശ്ശേരി : സൗത്ത് കൊടുവള്ളി പാറപ്പുറത്ത് റിയാസിന്റെ വീട്ടിൽനിന്ന് മോഷണംപോയ ബൈക്ക് മലപ്പുറം മിനി ഊട്ടിക്കടുത്തുള്ള ചെരിപ്പടിമലയിലെ പാറക്കുളത്തിൽനിന്ന് കൊടുവള്ളി പോലീസ് ഞായറാഴ്ച കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി എം. കിഷോർ (22), തേഞ്ഞിപ്പലം സ്വദേശി സുഭാഷ് (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം മൂന്നാംതീയതി പുലർച്ചെ ഒരു മണിക്കായിരുന്നു കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് മൂന്നംഗസംഘം മോഷ്ടിച്ചത്. മോഷണസംഘത്തിലെ മൂന്നാമൻ തേഞ്ഞിപ്പലം സ്വദേശി സുമേഷ് കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ജയിലിലാണ്. എം. കിഷോറിന്റെ പേരിൽ വിവിധ ജില്ലകളിലായി പതിനെട്ട് കേസുകൾ നിലവിലുണ്ട്. പാറപ്പുറത്ത് റിയാസിന്റെ ഭാര്യാപിതാവ് ഓമശ്ശേരി സ്വദേശി യു.കെ. ഹുസ്സൈന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്.

പഴുതുകളടച്ച് പ്രതികളെ വലയിലാക്കി കൊടുവള്ളി പോലീസ്

കൊടുവള്ളി സ്റ്റേഷൻ പരിധിയിൽ ഇരുചക്രവാഹന മോഷണ പരാതികൾ ഏറിവന്നതോടെ മോഷണസംഘങ്ങളെ വലയിലാക്കാൻ പഴുതടച്ച അന്വേഷണമാണ് നടത്തിയത്.

റിയാസിന്റെ വീട്ടിൽനിന്ന് ബൈക്ക് മോഷണം പോയെന്ന പരാതി ലഭിച്ച ഉടൻ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതികളെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്.

പിന്നീട് കൊടുവള്ളി മുതൽ തേഞ്ഞിപ്പലം പാലംവരെയുള്ള മുന്നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.

കരുത്തുകാട്ടി കർമ ഓമശ്ശേരി

മോഷണംപോയ ബൈക്ക് പാറക്കുളത്തിലുണ്ടെന്ന്‌ പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് വാഹന ഉടമ യു.കെ. ഹുസ്സൈൻ കർമ ഓമശ്ശേരിയുടെ സഹായം തേടുകയായിരുന്നു.

പ്രകൃതിക്ഷോഭ സമയത്തും അടിയന്തരഘട്ടങ്ങളിലും രക്ഷാപ്രവർത്തനത്തിന് പ്രത്യേക പരിശീലനംലഭിച്ച സംഘമാണ് കർമ ഓമശ്ശേരി. കെ.പി. ബഷീർ, നൗഷിഫ് അൻവർ, അനസ്, റഷീദ്, മുഹമ്മദലി എന്നിവരാണ് പാറക്കുളത്തിൽ മുങ്ങിക്കിടന്ന ബൈക്ക് കരയ്ക്കെത്തിച്ചത്.