എടവണ്ണ : കുണ്ടുതോട് മുതുകുന്നിൽ എം. സാൻഡ് യൂണിറ്റിനായുള്ള കെട്ടിടനിർമാണ സ്ഥലത്ത് വീണ്ടും മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാർ‌ തടഞ്ഞു. ഞായറാഴ്ച രാവിലെ നാട്ടുകാർ എടവണ്ണ പോലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടികളില്ലാത്തതിനാലാണ് സമരസമിതിയുടെ നേതൃത്വത്തിൽ ഉച്ചയോടെയാണ് സ്ഥലത്തെത്തി പ്രവൃത്തികൾ തടഞ്ഞത്.

മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുൾപ്പെടെയുള്ളവർ നിർമാണസ്ഥലത്തെ കവാടത്തിനുമുന്നിൽ സംഘടിച്ചു. തുടർന്ന് എടവണ്ണ വില്ലേജ് അധികൃതർ സ്ഥലത്തെത്തി. അനധികൃത മണ്ണെടുപ്പിന് പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ മണ്ണുമാന്തിയന്ത്രം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് എടവണ്ണ പോലീസ് സ്ഥലത്തെത്തുകയും ഒടുവിൽ മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുക്കാൻ തീരുമാനിക്കുകയുംചെയ്തു. ഇത് പോലീസ് സ്‌റ്റേഷൻ പരിസരത്തേക്ക് മാറ്റിയതോടെയാണ് നാട്ടുകാർ പിരിഞ്ഞത്.

തഹസിൽദാർക്ക് വിശദ റിപ്പോർട്ട് സമർപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ കെ. പത്മകുമാർ പറഞ്ഞു. അതേസമയം മതിയായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവൃത്തിയെന്ന് ഉടമകൾ പ്രതികരിച്ചു. തിങ്കളാഴ്ച രേഖകൾ ഹാജരാക്കാൻ വില്ലേജ് അധികൃതർ ഇവരോട് നിർദേശിച്ചിട്ടുണ്ട്.

മഞ്ചേരി -ഊട്ടി പാതയോരത്ത് കുണ്ടുതോട് മുതുകുന്നിൽ കുന്നിടിച്ചാണ് കെട്ടിടത്തിനായുള്ള

നിർമാണപ്രവൃത്തികൾ. കുന്നിന് താഴ്‍വാരത്തെ കോളനി നിവാസികൾക്ക് ഇത് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ തുടക്കത്തിൽ സമര സമിതി രൂപവത്കരിച്ചിരുന്നു. അശാസ്ത്രീയമായ കുന്നിടിക്കൽ പരിസ്ഥിതി പ്രശ്‌നങ്ങൾക്കിടയാക്കുന്നതായും പ്രധാന പാതകളിലേക്ക് കാലവർഷത്തിൽ മണ്ണൊലിച്ചിറങ്ങുന്നതായും സമരസമിതി സൂചിപ്പിച്ചതാണ്.

കെട്ടിട നിർമാണാനുമതിയിൽ 2018-ൽ ജിയോളജി വകുപ്പ് അഞ്ചുദിവസത്തേക്ക് മാത്രം നിർണിതാളവിൽ മണ്ണെടുപ്പിന് അനുമതി നൽകിയിരുന്നതായി മുൻ വാർഡംഗം തേലക്കാട് സക്കീർ പറയുന്നു. ഇതിന്റെ മറവിലാണ് സ്ഥലത്ത് വൻതോതിൽ മണ്ണെടുപ്പ് തുടരുന്നതെന്നും അധികൃതർ യാതൊരു നടപടികളും സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.