കൊണ്ടോട്ടി : ട്രിപ്പിൾ ലോക്‌ഡൗൺ പ്രാബല്യത്തിൽ വന്നതോടെ ജില്ലയിൽനിന്ന് മറ്റു ജില്ലകളിലേക്കുള്ള ആളുകളുടെ സഞ്ചാരത്തിന് കർശന വിലക്കേർപ്പെടുത്തി പോലീസ്. ജില്ലാ അതിർത്തികളായ പതിനൊന്നാംമൈലിലും ഇടിമുഴിക്കലിലും ദേശീയപാതകളിൽ കർശന പരിശോധനയ്ക്കു ശേഷമാണ് പോലീസ് വാഹനങ്ങൾ കടത്തിവിടുന്നത്.

മതിയായ രേഖകളില്ലാതെ വന്ന നിരവധിയാളുകളെ തിരിച്ചയച്ചു. തിങ്കളാഴ്ച പുലർച്ചെയോടെ പോലീസ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയിരുന്നു. ചരക്കുവാഹനങ്ങൾ ഒഴികെ മറ്റുള്ളവയെല്ലാം രേഖകൾ പരിശോധിച്ച്‌ ഉറപ്പാക്കിയശേഷമാണ് കടത്തിവിടുന്നത്.

പതിനൊന്നാംമൈലിൽ തിങ്കളാഴ്ച രാവിലെ ഐ.ജി അശോക് യാദവും ജില്ലാ പോലീസ് മേധാവി സുജിത് ദാസും എത്തി വാഹനപരിശോധന വിലയിരുത്തി. ഇരുവരും വാഹനപരിശോധനയിൽ പങ്കെടുക്കുകയും ചെയ്തു. പതിനൊന്നാംമൈലിൽ കൊണ്ടോട്ടി പോലീസും ട്രാഫിക് യൂണിറ്റുമാണ് വാഹനപരിശോധന നടത്തുന്നത്. ഇടിമുഴിക്കലിൽ തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എസ്. അഷ്‌റഫ്, ഹൈവേ പോലീസ് എസ്.ഐ അബ്ദുൾജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ട്രോമാകെയർ അംഗങ്ങളും പോലീസിനെ സഹായിക്കാൻ രംഗത്തുണ്ട്.

മലപ്പുറം ജില്ലയിൽനിന്നെത്തുന്ന വാഹനങ്ങൾ കോഴിക്കോട് പോലീസും പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. യൂണിവേഴ്‌സിറ്റി ഭാഗത്തുന്നിന്നെത്തുന്ന വാഹനങ്ങൾ നിസരി ജങ്ഷനിലും കൊണ്ടോട്ടി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ എൽ.ഐ.സി. സ്റ്റോപ്പിനു സമീപത്തുമാണ് പരിശോധിക്കുന്നത്.

പോലീസ് തീർത്ത സുരക്ഷയിൽ തീരദേശം

പരപ്പനങ്ങാടി : ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും പോലീസിന്റെ കർശന പരിശോധന. രേഖകൾ പരിശോധിച്ച് അത്യാവശ്യയാത്രക്കാരെ മാത്രമാണ് പ്രധാന റോഡുകളിൽ കടത്തിവിടുന്നത്.

ചെറു റോഡുകളും ഇടവഴികളും പോലീസിന്റെയും ട്രോമാകെയർ, പോലീസ് വൊളന്റിയർ എന്നിവരുടെ നേതൃത്വത്തിൽ അടച്ചിരുന്നു.

തീരദേശമേഖലയിൽ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തിയതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. ജില്ലാ അതിർത്തിയായ കടലുണ്ടിക്കടവ് പാലം അടച്ചു. കോട്ടക്കടവ് പാലത്തിലൂടെ നിയന്ത്രിതമായ രൂപത്തിലാണ് ഗതാഗതം നടക്കുന്നത്. അനാവശ്യമായി എത്തിയവരെ തിരിച്ചയച്ചു. ചൊവ്വാഴ്ച മുതൽ അനാവശ്യമായി യാത്രചെയ്യുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് അറിയിച്ചു.

കോഴിക്കോട്-തിരൂർ, പരപ്പനങ്ങാടി-മലപ്പുറം പ്രധാന പാതയും ഒട്ടുമ്മൽ ബീച്ച് റോഡ്, ചെട്ടിപ്പടി ബീച്ച് റോഡ്, ഉള്ളണം-കൂട്ടുമൂച്ചി, കെ.പി.എച്ച്. റോഡ്, മാഹിപ്പടി റെയിൽവേ അണ്ടർ ബ്രിഡ്‌ജ്‌-കോവിലകം റോഡ്, പുത്തരിക്കൽ ജയകേരള റോഡ്, പാലത്തിങ്ങൽ-ന്യൂകട്ട് റോഡ്, ചിറമംഗലം-മുരിക്കൽ-കുരിക്കൾ റോഡ്, പുത്തരിക്കൽ സ്റ്റേഡിയം റോഡ് എന്നിവയിലൂടെ മാത്രമാണ് നിയന്ത്രണവിധേയമായി സഞ്ചരിക്കാനാവുക.

മറ്റു റോഡുകളെല്ലാം നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ പൂർണമായും അടച്ചു. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നതുവരെ റോഡുകൾ ഇതേ അവസ്ഥയിലായിരിക്കും.

തിങ്കളാഴ്ച നാനൂറ്റമ്പതോളം വാഹനങ്ങളാണ് പരിശോധിച്ചത്. മതിയായ രേഖകളില്ലാതെ സഞ്ചരിച്ച 13 വാഹനങ്ങൾ പിടിച്ചെടുത്തു.

സമയപരിധികഴിഞ്ഞ് തുറന്ന 18 കടകൾക്കെതിരേ നടപടിയെടുത്തു. കോവിഡ് രോഗികളുടെ ക്വാറന്റീൻ നിരീക്ഷിക്കാൻ എട്ട് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. നിലവിൽ 550 പേർ നിരീക്ഷണത്തിലാണ്.