ബാലകൃഷ്ണൻ ആലിപ്പറമ്പ്

ആലിപ്പറമ്പ്

: വർഷം മൂന്നുകഴിഞ്ഞു ആലിപ്പറമ്പ് വില്ലേജ് -ഹൈസ്കൂൾ റോഡിന്റെ പാർശ്വഭിത്തി തകർന്നിട്ട്.

ഇനിയും ഇങ്ങനെയാണ് പോക്കെങ്കിൽ കൺമുന്നിൽ പല അപകടങ്ങളും കാണേണ്ടിവരും. വാഹനം റോഡിന്റെ വശത്തേക്കു നീങ്ങിയാൽ പാർശ്വഭിത്തിയില്ലാത്ത റോഡ് ഇടിഞ്ഞ് മൂന്നുമീറ്റർ താഴ്ചയുള്ള നെൽവയലിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയേറെയാണ്. പുൽച്ചെടികൾ വളർന്നു നിൽക്കുന്നതിനാൽ റോഡിന് വശങ്ങളിൽ പതിയിരിക്കുന്ന അപകടം മുൻകൂട്ടിക്കാണാൻ ഡ്രൈവർമാർക്ക് സാധിക്കുകയുമില്ല. അപകടസൂചന നൽകുന്ന ബോർഡും ഇവിടെ സ്ഥാപിച്ചിട്ടില്ല. ആലിപ്പറമ്പ് വില്ലേജ് ഓഫീസിനു സമീപത്തെ നെൽപ്പാടത്തിനു കുറുകെയാണീ റോഡ്.

2018-ലെ പ്രളയത്തിൽ അമ്മിനിക്കാടൻ മലനിരകളിലെ ഉരുൾപ്പൊട്ടലിനെത്തുടർന്നുണ്ടായ മഴവെള്ളം നെൽപ്പാടം നിറഞ്ഞ് റോഡിന്റെ മുകളിലൂടെ ഒഴുകിയാണ് റോഡിന്റെ പടിഞ്ഞാറുഭാഗത്തെ കരിങ്കൽ പാർശ്വഭിത്തി തകർന്നത്. പാടത്തിന് കുറുകെയുള്ള 150 മീറ്റർ നീളവും മൂന്നുമീറ്ററോളം ഉയരവുമുള്ള റോഡിന്റെ പാർശ്വഭിത്തിയുടെ ഭൂരിഭാഗവും തകർന്നു. കൂടാതെ റോഡിൽ വിള്ളലുകളും ഉണ്ട്.

ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാളികടവ്, തൃപ്പൂതപുഴ പ്രദേശങ്ങളെ പെരിന്തൽമണ്ണ -ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ തൂതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി സർവീസ് നടത്തുന്നത്. റോഡ് നന്നാക്കാൻ പ്രളയ ഫണ്ടിൽനിന്ന് നാലുലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽനിന്ന് 20 ലക്ഷവും അനുവദിച്ചതായി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നെങ്കിലും തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ആലിപ്പറമ്പ് ഹൈസ്കൂൾ-വില്ലേജ് റോഡിന് സമീത്തുള്ള വില്ലേജ് -കുന്നനാത്ത് റോഡിന്റെ നെൽപ്പാടത്തിനു കുറുകെയുള്ള ഭാഗങ്ങളും 2018-ലെ പ്രളയത്തിൽ തകർന്നിട്ടുണ്ട്. കരിങ്കൽപാർശ്വഭിത്തിയുടെയും ടാർചെയ്ത ഭാഗത്തിന്റെയും ഇടയിലെ മണ്ണ് ഒലിച്ചുപോയുണ്ടായ ഗർത്തങ്ങളാണ് ഇവിടെ അപകടമാകുന്നത്. മൂന്നുവർഷം കഴിഞ്ഞിട്ടും കുന്നനാത്ത് -വില്ലേജ് റോഡും നന്നാക്കിയിട്ടില്ല.