കൊണ്ടോട്ടി : സംസ്ഥാന ബജറ്റിൽ ടോക്കൺ പ്രൊവിഷൻ ലഭിച്ച കൊണ്ടോട്ടി മിനി സിവിൽസ്‌റ്റേഷൻ നിർമാണത്തിന് ഭൂമി കണ്ടെത്തൽ വെല്ലുവിളിയാകുന്നു. ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല.
2014-ൽ താലൂക്ക് പ്രവർത്തനം തുടങ്ങിയതുമുതൽ കൊണ്ടോട്ടിയിൽ മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. തങ്ങളുടെ അധീനതയിലുള്ള അരയേക്കർ സ്ഥലം നഗരസഭ വിട്ടുകൊടുത്തതാണ്. നഗരസഭാ കാര്യാലയത്തിന് മുന്നിലുള്ള ഈ സ്ഥലം വയൽ ആയതിനാൽ ഈ സ്ഥലത്ത് മിനി സിവിൽസ്റ്റേഷൻ നിർമിക്കാൻ സർക്കാരിൽനിന്ന് അനുമതി ലഭിച്ചില്ല. സാങ്കേതിക തടസ്സങ്ങൾ നീക്കി ഇവിടെ മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കുന്നതിന് പിന്നീട് കാര്യമായ ഇടപെടലൊന്നും നടന്നില്ല.
കൊളത്തൂരിൽ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായി ഉടമകൾ നേരത്തേ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. ഇപ്പോൾ സ്ഥലമുടമകളോട് താത്‌പര്യം അന്വേഷിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. കാളോത്ത് ഒന്നാംമൈലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാനും ഇതിനിടെ പദ്ധതിയിട്ടിരുന്നു.
ഭൂമി കണ്ടെത്തൽ നീണ്ടുപോകുമ്പോൾ, താലൂക്ക് കേന്ദ്രീകരിച്ച പ്രവർത്തനം തുടങ്ങിയ ഒട്ടേറെ സർക്കാർ ഓഫീസുകൾ വാടകക്കെട്ടിടത്തിൽ തുടരുകയാണ്. താലൂക്ക് സപ്ലൈ ഓഫീസ്, ആർ.ടി. ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, എക്‌സൈസ് റെയ്ഞ്ച് ഓഫീസ് തുടങ്ങിയവയെല്ലാം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ താലൂക്ക് ഓഫീസ് പഴയ നെടിയിരുപ്പ് പഞ്ചായത്ത് ഓഫീസിലാണ് പ്രവർത്തിക്കുന്നത്. മുൻസിഫ് കോടതി അടക്കമുള്ളവ താലൂക്കിൽ ആരംഭിച്ചിട്ടുമില്ല. സർക്കാർ ഓഫീസുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതമാകുന്നു.
റിപ്പോർട്ട് അടുത്തയാഴ്ച കൈമാറും
മിനിസിവിൽ സ്‌റ്റേഷൻ നിർമിക്കുന്നതിനുള്ള ഭൂമി സംബന്ധിച്ച് അടുത്തയാഴ്ച റിപ്പോർട്ട് ജില്ലാകളക്ടർക്ക് കൈമാറും. നേരത്തെ, മീൻചന്തയുടെ ഭൂമി പരിഗണിച്ചിരുന്നെങ്കിലും അനുയോജ്യമല്ലത്തതിനാൽ ഒഴിവാക്കി. കൊളത്തൂരിൽ സ്വകാര്യവ്യക്തികൾ വിട്ടുനൽകാൻ തയ്യാറായ ഭൂമിയിൽ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുമായി പരിശോധന നടത്തും. ഭൂമി കണ്ടെത്തിയാൽ, ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാരാണ് തീരുമാനമെടുക്കുക.
പി. ചന്ദ്രൻ
(തഹസിൽദാർ)
ഭൂമി കണ്ടെത്തൽ സജീവപരിഗണനയിൽ
മിനി സിവിൽ സ്റ്റേഷന് ഭൂമി കണ്ടെത്തുന്നതിന് സജീവ പരിഗണനയിലാണ്. അടുത്തിടെ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് തഹസിൽദാരോട് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട്- മൂന്ന് സ്ഥലങ്ങൾ പരിഗണനയിലുണ്ട്. കൊളത്തൂരിൽ ഭൂമി വിട്ടുനൽകാൻ തയ്യാറായവരുടെ നിലപാട് ആരായും.
ടി.വി. ഇബ്രാഹിം എം.എൽ.എ.